കവളപ്പാറ ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ നിസ്‌ക്കാര ഹാൾ തുറന്ന് കൊടുത്ത് പോത്തുകല്ല് മസ്ജിദ്

കവളപ്പാറയിലെ ദുരന്തമുഖത്തു നിന്നും മാനവികതയുടെ സന്ദേശം പകരുകയാണ് ഒരു മുസ്‌ലിം പള്ളി. പള്ളിയിലെ നമസ്കാര മുറിയാണ് ദുരന്തത്തിന് ഇരയായവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി തുറന്നു കൊടുത്തത്. പോത്തുകല്ല് അങ്ങാടിയിലെ മസ്ജിദുൽ മുജാഹീദിനാണ് ദുരന്ത ഭൂമിയിൽ മാതൃകയായി മാറിയത്.
ആരാധനാലയങ്ങള്‍ ദുരിത ബാധിതർക്ക് അഭയം നൽകുന്ന കാഴ്ച നമ്മൾ കണ്ടതാണ്. എന്നാൽ അതിനുമപ്പുറം മഹനീയ മാതൃകയാവുകയാണ് കവളപ്പാറയിലെ ഈ മുസ്ലിംപള്ളി. കവളപ്പാറയിൽ നിന്ന് കണ്ടെടുത്ത 31 പേരേയും ജാതിമത ഭേദമന്യേ പോസ്റ്റ്മോർട്ടവും ഇൻക്വസ്റ്റും നടന്നത് ഈ മസ്ജിദിനകത്തെ നമസ്‌കാര മുറിയിലാണ്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ 45 കിലോമീറ്റർ ദൂരത്തുള്ള നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത് ഏറെ ശ്രമകരമായിരുന്നു.
Read Also : കവളപ്പാറ ഉരുൾപ്പൊട്ടൽ; കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും
സമീപത്തേ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതിനാൽ ഇവിടേയും പോസ്റ്റ്മോർട്ടം സാധ്യമായിരുന്നില്ല. തുടർന്നാണ് സംഭവസ്ഥലത്ത് നിന്നും പത്ത് മിനിറ്റ് മാത്രം ദൂരത്തുള്ള പോത്തുകല്ലിലെ പള്ളി ഭാരവാഹികളെ അധികൃതർ സമീപിച്ചത്. പൂർണസമ്മതം നൽകുന്നതിനൊപ്പം ടേബിളുകളും ലൈറ്റുമടക്കം എല്ലാ സജ്ജീകരണങ്ങളും പള്ളി ഭാരവാഹികൾ തന്നെ ഒരുക്കി നൽകി.മദ്രസയിലെ മേശകൾ നിരത്തിയാണ് പോസ്റ്റ്മോർട്ടത്തിന് സൗകര്യമൊരുക്കിയത്
മൃതദേഹങ്ങളുടെ എണ്ണം വർധിച്ചതോടെ സ്ത്രീകളുടെ പ്രാര്‍ഥനാ ഹാളും പൂർണമായി വിട്ടു നൽകി. ഒരു ഭാഗത്ത് പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുമ്പോഴാണ് പള്ളിയുടെ മറ്റൊരു ഭാഗത്ത് നമസ്കാരവും നടക്കുന്നത്. തിങ്കളാഴ്ച ബലി പെരുനാൾ നമസ്കാരവും ഇവിടെ നടന്നിരുന്നു. ആവശ്യമെങ്കിൽ പള്ളി മുഴുവനായി വിട്ടുനൽകാനും തയ്യാറാണെന്നാണ് പള്ളികമ്മിറ്റി ഭാരവാഹികൾ പറയുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here