Advertisement

‘ഞാനൊരു നന്മമരമല്ല, മാതൃകാ പുരുഷോത്തമനുമല്ല’; തന്നെ ആഘോഷമാക്കുന്നവരോട് രാജേഷ് ശർമ

August 15, 2019
Google News 1 minute Read

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തുണി ശേഖരിക്കാൻ വന്നവർക്ക് കടയിലുള്ള തുണിമുഴുവൻ വാരിനൽകിയ നൗഷാദിനെ നാടറിഞ്ഞത് നടൻ രാജേഷ് ശർമയിലൂടെയാണ്. സംഭവത്തിന് പിന്നാലെ രാജേഷ് ശർമയെ അഭിനന്ദിച്ചും പുകഴ്ത്തിയും നിരവധി പോസ്റ്ററുകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ താൻ ഒരു നന്മമരമല്ലെന്നും തന്റെ പേരിൽ ഇറക്കുന്ന പോസ്റ്ററുകളിലോ വാർത്തകളിലോ ഒരു ഉത്താരവാദിത്തവും ഇല്ലെന്നും വ്യക്തമാക്കുകയാണ് രാജേഷ് ശർമ. ഫേസ്ബുക്ക് കുറിപ്പിലാണ് രാജേഷ് ശർമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാനൊരു നന്മമരമല്ല
മാത്യകാബപുരുഷോത്തമനുമല്ല

എന്നോട് അത്രമേൽ ഇഷ്ടമുള്ളവർ ഇറക്കുന്ന പോസ്റ്ററുകളിലോ വാർത്തകളിലോ
എനിക്ക് ഒരു ഉത്താരവാദിത്തവും ഇല്ല എന്ന് സ്‌നേഹത്തോടെ പറയുന്നു…

ഒരേ സമയം മുള്ളും പൂവുമുള്ളൊരു ചെടിയാണ് ഞാൻ. ഒരു സാധാരണ മനുഷ്യന്റെ ശക്തിയും ദൗർബല്യങ്ങളും നന്മതിന്മകളും നിറഞ്ഞ ഒരാൾ. എന്റെ പടം വച്ച് സുഹൃത്തുക്കൾ നല്ല വാക്കുകൾ പറയുകയും പ്രചോദിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോൾ (അവരുടെ ആത്മാർത്ഥതയിൽ തെല്ലും സംശയമില്ലെങ്കിലും) ഭയമാണെനിക്ക്. ഇതിന്റെ മറുവശമായി നാളെ എനിക്കു സംഭവിക്കുന്ന വീഴ്ച്ചകളിലോ അറിഞ്ഞു കൊണ്ടു തന്നെ ഞാൻ ചെയ്‌തേക്കാവുന്ന തെറ്റുകളിലോ ഇതിന്റെ നൂറിരട്ടി മൂർച്ചയുള്ള കുത്തുവാക്കുകളേയും കാണുന്നു (ഇപ്പോൾത്തന്നെ അതു തുടങ്ങിക്കഴിഞ്ഞു എന്നാണറിഞ്ഞത്)

ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ പറയട്ടെ, സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ തുടങ്ങിയപ്പോഴാണ് നമ്മുടെ നന്മയും തിന്മയുമൊക്കെ ഇത്രയേറെ ആഘോഷിക്കപ്പെടാനുള്ളതാണെന്ന് മനസ്സിലാകുന്നത്. അടിസ്ഥാനപരമായി ഞാനൊരു നാടക പ്രവർത്തകനാണ്. പ്രകാശ് കലാകേന്ദ്രവുമായി ബന്ധപ്പെട്ടും അല്ലാതെയും ഒട്ടനവധി സാമൂഹ്യരാഷ്ട്രീയ പ്രശ്‌നങ്ങളിൽ മുൻപും സജീവമായി ഇടപെട്ടിട്ടുണ്ട്, ചുറ്റുമുള്ള മനുഷ്യരുടെ ദു:ഖങ്ങളിൽ കൂടെ നിൽക്കാൻ ശ്രമിച്ചിട്ടുണ്ട്. നാടകം തന്ന ഉൾക്കരുത്ത് മാത്രമാണ് അന്നുമിന്നും പിൻബലം. അതെന്നെ ‘കുറച്ചു കൂടി മെച്ചപ്പെട്ട ഒരു മനുഷ്യനായിരിക്കൂ’ എന്ന് സദാസമയവും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നതുകൊണ്ടു മാത്രം ഞാനതെന്റെ
കടമയായിക്കണ്ട് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഒരു പ്രത്യേക സാഹചര്യത്തിൽ നൗഷാദ് എന്ന വ്യക്തിയുടെ പ്രവൃത്തി ഒരു ബിംബമായി മാറിയിട്ടുണ്ടെങ്കിലും നൗഷാദിനെപ്പോലെ, ഒരു പക്ഷേ അദ്ദേഹത്തെക്കാളുപരിയായി അത്തരം കാര്യങ്ങൾ ചെയ്യുന്ന ഒട്ടനവധിപ്പേർ ആരാലുമറിയപ്പെടാതെ നമുക്കു ചുറ്റുമുണ്ടാകും. വളരെക്കാലമായി നൗഷാദിനെ പരിചയമുള്ളവർക്കറിയാം, അയാളെന്നും ഇങ്ങനെ തന്നെയാണെന്ന്. അത് ലോകമറിയണമെന്ന് അയാൾ അല്ലെങ്കിൽ അയാളെപ്പോലുള്ളവർ ഒരിക്കലും ആഗ്രഹിക്കുന്നേയില്ല. പക്ഷേ, ഒട്ടനവധിപ്പേർക്കു മുന്നിൽ സഹായത്തിനായി കൈ നീട്ടി നിരാശരായിരുന്ന നേരത്ത് ഞങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട അത്ഭുതം തന്നെയായിരുന്നു നൗഷാദ്. ആ വീഡിയോയിലൂടെ അദ്ദേഹത്തെ പുറം ലോകമറിഞ്ഞപ്പോൾ പല തരം തെറ്റിദ്ധാരണകളാലും ദുഷ്പ്രചരണങ്ങളാലും മടിച്ചു നിന്ന പലരും സഹായഹസ്തവുമായി മുന്നോട്ടുവന്നതിൽ സന്തോഷമുണ്ട്. അതിനൊരു കാരണമാകാൻ കഴിഞ്ഞതിലും.

നൗഷാദിനെ ‘ഞാൻ’ കണ്ടെത്തിയതല്ല. അദ്ദേഹത്തെപ്പോലെ നിരവധി മനുഷ്യർ നമുക്കു ചുറ്റിലുമുണ്ട്. അവർക്ക് ജാതിയോ മതമോ കൊടിയുടെ നിറമോ പ്രത്യയശാസ്ത്രങ്ങളോ വിഷയമല്ല. ആവശ്യമുള്ള സമയത്ത് ആരും പറയാതെ തന്നെ സഹായഹസ്തവുമായി അവർ മുന്നിലെത്തും. ഒരേ സമയം അവരെയോർത്ത് നമ്മൾ അത്ഭുതം കൂറുകയും അസൂയപ്പെടുകയും നമ്മിലേക്കു തന്നെ തിരിഞ്ഞു നോക്കി സ്വയം ലജ്ജിക്കുകയും ചെയ്യും.

ഇത്തരമവസരങ്ങളിൽ ഇടപെടുന്ന നമ്മുടെ ജനപ്രതിനിധികളുടെയും കലക്ടർമാരെപ്പോലെ ‘ഗ്ലാമറുള്ള’ പദവികളിലിരിക്കുന്ന ഉദ്യോഗസ്ഥരുടെയുമൊക്കെ കാര്യവും ഇതുപോലെ തന്നെ. ദുരന്തനിവാരണത്തിൽ അവരുടെ ശ്ലാഘനീയമായ പ്രവൃത്തികൾ ഒരു പരിധി വരെ മറ്റുള്ളവർക്ക് പ്രചോദനമാകാനുതകുമെങ്കിലും തങ്ങളുടെ ഉത്തരവാദിത്തമാണ് അവർ നിർവ്വഹിക്കുന്നതെന്ന് മറന്നു പോകുന്നതു കൊണ്ടാണ് നമുക്കത് ആഘോഷമായി മാറുന്നത്. ഒരേ സമയം മനുഷ്യരെ ഉയർത്താനും തളർത്താനുമാകും വിധം സകലതും മാധ്യമീകരിക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് പ്രളയവും മറ്റു ദുരന്തങ്ങളുമെല്ലാം ആഘോഷിക്കപ്പെടുന്നു എന്നതാണ് മറ്റൊരു സങ്കടകരമായ വസ്തുത.

ഒരിക്കൽക്കൂടി ഇത്രയും പറഞ്ഞു നിർത്തട്ടെ,
ദയവായി എന്നെ നന്മയുടെ ആൾരൂപമാക്കരുത്.
ഒന്നിച്ച് മുന്നോട്ട് നീങ്ങാം…..
നമ്മുടെ ആവശ്യം ആഘോഷങ്ങൾക്കിടയിലല്ലല്ലൊ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here