നൗഷാദിന് അഭിവാദ്യമർപ്പിച്ച് മലയാളത്തിൽ പാട്ടുപാടി സ്‌കോട്ടിഷ് ഗായകൻ; വീഡിയോ

പ്രളയബാധിതർക്ക് ഒന്നും നോക്കാതെ തന്റെ കടയിലെ വസ്ത്രങ്ങൾ എടുത്തു നൽകിയ നൗഷാദിനെ ഞൊടിയിടയിലാണ് ജനം നെഞ്ചിലേറ്റിയത്. നൗഷാദിന് അഭിവാദ്യമർപ്പിച്ച് മലയാളത്തിൽ രംഗത്തെത്തിയിരിക്കുകയാണ് സ്‌കോട്ടിഷ് ഗായകനായ സാജ് സാബ്‌രി. മലയാളത്തിലാണ് സാബ്‌രി ഗാനം ആലപിച്ചത്. ഇതോടൊപ്പം പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളീയർക്ക് എല്ലാ പിന്തുണയും സാബ്‌രി അറിയിച്ചു.
നൗഷാദിനായി മലയാളത്തിൽ ആലപിച്ച ഗാനം, സാബ്‌രിയുടെ മലയാളി സുഹൃത്തുക്കളാണ് ഷെയർ ചെയ്തത്. കേരളത്തെ ഒരുപാട് സ്‌നേഹിക്കുന്നതായി പറഞ്ഞ സാജ് സാബ്‌രി, കേരളത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും പറഞ്ഞു. മലയാളം ഉൾപ്പെടെ പത്തോളം ഭാഷകളിൽ പാടുന്ന സാബ്‌രി മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
മാലിപ്പുറം സ്വദേശിയായ നൗഷാദിനെ ജനങ്ങൾക്കിടയിലേക്ക് എത്തിച്ചത് നടൻ രാജേഷ് ശർമയാണ്. രാജേഷും സംഘവും നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാമ്പുകലിലേക്ക് എറണാകുളം ബ്രോഡ്‌വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് നൗഷാദിനെ കാണുന്നത്. രാജേഷിനേയും സംഘത്തേയും തന്റെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോയ നൗഷാദ് ചാക്ക് കണക്കിന് വസ്ത്രങ്ങൾ പ്രളയബാധിതർക്കായി നൽകുകയായിരുന്നു. പെരുന്നാൾ കച്ചവടത്തിനായി മാറ്റിവച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും നൗഷാദ് ചാക്കുകൾ നിറച്ചു നൽകി. പെരുന്നാളായിട്ട് ഇത്തരത്തിൽ വസ്ത്രങ്ങൾ നൽകുന്നത് നഷ്ടമാകില്ലേ എന്ന് രാജേഷ് ശർമ ചോദിക്കുമ്പോൾ മനുഷ്യന് നന്മ ചെയ്യുന്നതാണ് തന്റെ ലാഭമെന്നായിരുന്നു മറുപടി നൽകിയത്. അത് ജനം ഏറ്റെടുക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here