ഒരു ദശാബ്ദത്തിൽ 20000 റൺസ്; കോലിക്കു മുന്നിൽ വഴിമാറി മറ്റൊരു റെക്കോർഡ്

ഒരു ദശാബ്ദത്തിൽ 20000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ബാറ്റ്സ്മാനായി വിരാട് കോലി. വിൻഡീസിനെതിരെ നടന്ന മൂന്നാം ഏകദിനത്തിലാണ് ഇന്ത്യൻ നായകൻ ഈ നേട്ടത്തിലെത്തിയത്. ഈ ദശാബ്ദത്തിൽ 20018 റൺസാണ് കോലി ഇതുവരെ നേടിയത്. ആകെ 20502 റൺസാണ് കോലിക്കുള്ളത്.
പട്ടികയിൽ രണ്ടാമത് മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിംഗാണ്. 18962 റൺസാണ് പോണ്ടിംഗിൻ്റെ സമ്പാദ്യം. 2000 കാലഘട്ടത്തിലായിരുന്നു പോണ്ടിംഗിൻ്റെ റൺ വേട്ട. ദക്ഷിണാഫ്രിക്കയുടെ മുൻ ഓൾറൗണ്ടർ ജാക്കസ് കാലിസ് 16777 റൺസുമായി മൂന്നാമതുണ്ട്. കോലിക്കു ശേഷം പട്ടികയിലുള്ള ഇന്ത്യക്കാരൻ ഇതിഹാസ താരമായ സച്ചിൻ തെണ്ടുൽക്കറാണ്. 15962 റൺസാണ് ഒരു ദശാബ്ദത്തിൽ സച്ചിൻ്റെ ആകെ സമ്പാദ്യം.
മത്സരത്തിൽ 43ആം സെഞ്ചുറി കുറിച്ച കോലിയുടെ മികവിൽ ഇന്ത്യ വിജയിച്ചിരുന്നു. മഴ മൂലം 35 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വിൻഡീസ് 240/7 എന്ന സ്കോർ നേടിയപ്പോൾ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 255 റൺസായിരുന്നു. 2.3 ഓവർ ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here