മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല; പുത്തൂമലയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

വയനാട് പുത്തൂമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്നും പ്രദേശത്ത് നിന്ന് മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്താനായില്ല.
അതേ സമയം നിലവിലുള്ള തിരച്ചില്‍ രീതിയിലൂടെ കാണാതായവരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് തിരച്ചിലിന് നേതൃത്വം നല്കുന്ന ഫയര്‍ഫോഴ്സ് റീജിയണല്‍ ഓഫീസര്‍ അരുണ്‍ ട്വന്റി ഫോറിനോട് പറഞ്ഞു.
തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാല്‍ ഇന്ന് നേരത്തേ തിരച്ചില്‍ ആരംഭിച്ചിരുന്നു. മൃതദേഹം മണത്ത് കണ്ടുപിടിക്കാനാകുന്ന സ്നിഫര്‍ ഡോഗ്സിനെ പ്രദേശത്ത് എത്തിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. അഞ്ചിടങ്ങളില്‍ ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇന്ന് നടത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള റഡാര്‍ സംവിധാനം കവളപ്പാറയില്‍ തിരച്ചില്‍ നടത്തിയതിന് ശേഷമേ പുത്തൂമലയിലെത്തൂ. നാളെ മുതല്‍ തിരച്ചിലിന്റെ രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here