കശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. താഴ്‌വരയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിലും വാദം കേള്‍ക്കും.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കശ്മീര്‍ വിഷയം പരിഗണിക്കുന്നത്. അനുച്ഛേദം 370 ഭേദഗതി ചെയ്തതിനെയും അനുച്ഛേദം 35(എ) അപ്രസക്തമാക്കിയതിനെയുമാണ് അഭിഭാഷകനായ എംഎല്‍ ശര്‍മ ചോദ്യം ചെയ്യുന്നത്.
കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളും രാഷ്ട്രപതിയുടെ വിജ്ഞാപനവും ഭരണഘടനാവിരുദ്ധമാണ്. വിജ്ഞാപനം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കശ്മീരില്‍ മാധ്യമപ്രവര്‍ത്തനം വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണെന്നും ഇന്റര്‍നെറ്റ് അടക്കം സംവിധാനങ്ങള്‍ വിച്ഛേദിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ബാസിന്‍ സമര്‍പ്പിച്ച ഹര്‍ജിയും പ്രത്യേക ബെഞ്ച് പരിഗണിക്കും. കോടതിയില്‍ നിന്നുണ്ടാകുന്ന ഏത് പരാമര്‍ശവും നടപടിയും നിലവിലെ സാഹചര്യത്തില്‍ നിര്‍ണായകമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here