Advertisement

ഹോങ്കോങ് പ്രക്ഷോഭത്തെ ചൈന അടിച്ചമര്‍ത്തുമെന്ന ആശങ്കയുണ്ടെന്ന് ട്രംപ്

August 16, 2019
0 minutes Read

ഹോങ്കോങ് പ്രക്ഷോഭത്തെ ചൈന അടിച്ചമര്‍ത്തുമെന്ന ആശങ്കയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിഷേധക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനോട് ട്രംപ് ആവശ്യപ്പെട്ടു. ഇക്കാര്യവുമായി ബന്ധപ്പെട്ട് വൈകാതെ ഷീ ജിന്‍പിങിനെ ഫോണില്‍ വിളിക്കുമെന്നും ട്രംപ് പറഞ്ഞു.

ഹോങ്കോങില്‍ ആഴ്ചാവസാനം വീണ്ടും റാലികളും സമരപരിപാടികളും നടത്താന്‍ പ്രതിഷേധക്കാര്‍ ഒരുങ്ങുമ്പോഴാണ് ആശങ്ക രേഖപ്പെടുത്തി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്. പ്രക്ഷോഭം ചൈന അടിച്ചമര്‍ത്തുമെന്ന് തനിക്ക് ആശങ്കയുണ്ടെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ പ്രതിഷേധക്കാരുമായി നേരിട്ട ചര്‍ച്ച നടത്താന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് തയ്യാറായാല്‍ വെറും 15 മിനിറ്റ് കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ട്. എന്നാല്‍ അത്തരം രീതി പിന്തുടരുന്നതല്ല ജിന്‍പിങിന്റെ ശൈലിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഹോങ്കോങിലെ പ്രക്ഷോഭം തുടര്‍ച്ചയായ പതിനൊന്നാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ പ്രതിഷേധക്കാരും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഇടപെടല്‍. വിവാദമായ കുറ്റവാളി കൈമാറ്റ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടങ്ങിയത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഹോങ്കോങ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. അതേസമയം ഹോങ്കോങിലെ പ്രതിഷേധം ഭീകരവാദത്തിന് സമാനമെന്ന നിലപാടിലാണ് ചൈന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top