സിപിഐ നേതാക്കൾക്കെതിരായ ലാത്തി ചാർജ്; പൊലീസുകാർക്കെതിരെ നടപടിയെടുക്കാനാകില്ലെന്ന് ഡിജിപി

സിപിഐയുടെ എറണാകുളം ഐ.ജി ഓഫീസ് മാർച്ചിൽ നേതാക്കൾക്കെതിരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടിയെടുക്കാനാവില്ലെന്നു ഡി.ജി.പി. ജില്ലാ കലക്‌ടറുടെ അന്വേഷണ റിപ്പോർട്ടിൽ പോലീസുകാരുടെ പിഴവ് എടുത്ത് പറയാത്തതിനാൽ നടപടിയെടുക്കാനാവില്ലെന്നു ഡിജിപി ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു.

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം എന്നിവരടക്കം സിപിഐ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പോലസുകാർക്കെതിരെ നടപടിയില്ല. നടപടി വേണമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ പ്രതിനിധികളായ മന്ത്രിമാർ ആവശ്യപ്പെട്ടത്.

മന്ത്രിസഭാ യോഗത്തിൽ ആവശ്യമുന്നയിച്ചതോടെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറോട് മുഖ്യമന്ത്രി നിർദേശിച്ചു. പോലീസിന്റെ ഭാഗത്തു നിന്ന് കാര്യമായ ബലപ്രയോഗമുണ്ടായില്ലെന്നാണ് കളക്റ്ററുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കൂടാതെ 15 സെക്കന്റ് മാത്രമാണ് പോലീസ് നടപടിയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also : ‘ഈ പൊലീസിനെ തിരുത്തുക തന്നെ വേണം’ : പൊലീസിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം

റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി യോട് അഭിപ്രായം തേടിയത്. ജില്ലാ കളക്റ്ററുടെ റിപ്പോർട്ടിൽ പോലീസുകാർക്ക് വീഴ്ച പറ്റിയതായി എടുത്തു പറയുന്നില്ലെന്നാണ് ഡി.ജി.പി മറുപടി നൽകിയത്. കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ ലാൽജി, എസ്.ഐ വിപിൻ ദാസ് എന്നിവർക്കെതിരെ നടപടി വേണമെന്നായിരുന്നു സി.പി.ഐയുടെ ആവശ്യം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. പാർട്ടി നേതാക്കൾക്ക് മർദ്ദനമേറ്റതിൽ സി.പി.ഐ നേരത്തെ തന്നെ അമർഷം രേഖപ്പെടുത്തിയിരുന്നു.സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഞാറയ്ക്കൽ ആശുപത്രി വളപ്പിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഞാറയ്ക്കൽ എസ്.ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More