സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ മഠത്തിൽ നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് കാണിച്ച് കുടുംബത്തിന് സഭയുടെ കത്ത്; മഠം വിട്ട് ഇറങ്ങില്ലെന്ന് ലൂസി

ഫ്രാങ്കോ മുളക്കലിനെതിരായി സമരം ചെയ്തതിന് എഫ്‌സിസി സന്യാസസമൂഹം പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുരക്കൽ കാരയ്ക്കാമലിലെ മഠത്തിൽ നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് കാണിച്ച് കുടുംബത്തിന് സഭയുടെ കത്ത്. സ്വമേധയാ പുറത്ത് പോകാത്തതു കൊണ്ട് ഒരു അവകാശവും ലൂസിക്ക് ലഭിക്കില്ലെന്നും, ശിഷ്ടകാലം ജീവിക്കാൻ അധ്യാപക വൃത്തിയിലൂടെ ലഭിച്ച തുക മതിയാകുമല്ലോ എന്നും കത്തിൽ പറയുന്നു. കത്തിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു. മഠം വിട്ടിറങ്ങില്ലെന്നും നിയമപരമായി നേരിടുമെന്നും ലൂസി കളപ്പുരക്കലും പ്രതികരിച്ചു.
പ്രിയപ്പെട്ട റോസമ്മ ചേടത്തി അറിയുവാൻ, ഇങ്ങനെയാണ് എഫ്‌സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ, സിസ്റ്റർ ജ്യോതി മരിയ 84 വയസ്സുള്ള ലൂസികളപ്പുരക്കലിന്റെ അമ്മ റോസമ്മ സ്‌കറിയക്കയച്ച കത്ത് തുടങ്ങുന്നത്. ലൂസി സന്യാസ വ്രതം ലംഘിച്ചെന്ന് പറയുന്ന കത്തിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം ചെയ്തതിനെ കുറിച്ച് പരാമർശം ഇല്ല.
Read Also : സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സഭയിൽ നിന്ന് പുറത്താക്കി; കത്തിന്റെ പകർപ്പ് ട്വന്റിഫോറിന്
കാനോനിക നിയമസംഹിതയും ക്ലാരിസ്റ്റ് സഭയുടെ നിയമവുമനുസരിച്ചാണ് സിസ്റ്റർ ലൂസിയെ പുറത്താക്കിയതെന്നും ആയതിനാൽ മകളെ ഇന്ന് തന്നെ മാനന്തവാടി കാരക്കാമല മഠത്തിൽ നിന്നും കൂട്ടിക്കൊണ്ടു പോകണം എന്നുമാണ് കത്തിൽ പറയുന്നത്. അദ്ധ്യാപക വൃത്തിയിലൂടെ ലഭിച്ച തുകകൊണ്ട് ശിഷ്ടകാലം സുഖമായി ജീവിക്കാമല്ലോയെന്നും സഭ പറയുന്നു. എന്നാൽ മഠത്തിൽ നിന്ന് ഇറങ്ങി പോകില്ലെന്നും വത്തിക്കാന് ഇതിനോടകം അപ്പീൽ നൽകിയതായും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പറഞ്ഞു
മഠത്തിൽ നിന്ന് ഇറക്കിവിടാൻ ഉള്ള തീരുമാനത്തെ നിയമപരമായി നേരിടാനാണ് ലൂസി കളപ്പുരക്കലിന്റെ തീരുമാനം.ഇന്ന് അഭിഭാഷകനുമായി സംസാരിച്ച് ഇക്കാര്യത്തിൽ അന്തിമ രൂപം ആക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here