മംഗളൂരുവിൽ മലയാളിയുടെ നേതൃത്വത്തിലുള്ള 8 അംഗ തട്ടിപ്പ് സംഘം പൊലീസ് പിടിയിൽ

മംഗളൂരുവിൽ മലയാളിയുടെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘം പൊലീസ് പിടിയിൽ. സാമ്പത്തിക തട്ടിപ്പ് സംഘമാണ് അറസ്റ്റിലായത്. മലയാളിയായ സാം പീറ്ററിന്റെ നേതൃത്വത്തിലുള്ള 8 അംഗ സംഘത്തെ ഇന്നലെ രാത്രിയാണ് സംശയാസ്പദമായ സാഹചര്യത്തിൽ മംഗളുരു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സംബന്ധിച്ച വിശദമായ അന്വേഷണം നടത്തുമെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാത്രി പമ്പുവേൽ ജംഗ്ഷനിലുള്ള ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് 8 അംഗ സംഘം പിടിയിലായത്. ഇവരിൽ നിന്ന് കൈത്തോക്കും, എയർഗണ്ണും, ലാപ്പ്‌ടോപ്പുമടക്കമുള്ള സാധനങ്ങൾ കൂടി കണ്ടെത്തി. വിശദമായ പരിശോധനയിൽ ദേശീയ കുറ്റാന്വേഷണ സംഘം ഡയറക്ടർ എന്ന ബോർഡ് പതിച്ച നമ്പർ പ്ലേറ്റില്ലാത്ത എസ്‌യുവി കാറും കണ്ടെത്തി. മംഗളൂരു ഉൾപ്പടെയുള്ള മേഖലയിൽ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പിടിയിലായവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതിൽ നിന്നാണ് സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസിന് വിവരം കിട്ടിയത്.
കാവനാട് സ്വദേശിയായ സാം പീറ്ററിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മടിക്കേരി, മംഗളൂരു സ്വദേശികളും ഉണ്ട്. ദേശീയ ചിഹ്നം ദുരുപയോഗം ചെയ്തതടക്കമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ആയുധങ്ങൾ ഫോറൻസിക്ക് പരിശോധന നടത്തുന്നതിനൊപ്പം സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അന്വേഷിക്കാനാണ് മംഗളൂരു പൊലീസിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here