Advertisement

പിരിച്ചത് വെറും 70 രൂപ; അതും ക്യാമ്പിലേക്ക് കൊണ്ടു വന്ന സാധനങ്ങൾക്കുള്ള ഓട്ടോ ചാർജ് കൊടുക്കാൻ: ഓമനക്കുട്ടനെതിരായ നടപടി അന്യായമെന്ന് സോഷ്യൽ മീഡിയ

August 17, 2019
Google News 0 minutes Read

ആലപ്പുഴ ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ സിപിഐഎം ലോക്കൽ കമ്മറ്റി അംഗം ഓമനക്കുട്ടതിനെതിരെ നടപടിയെടുത്തത് അന്യായമെന്ന് സോഷ്യൽ മീഡിയ. മാധ്യമപ്രവർത്തകരടക്കം നിരവധി ആളുകൾ ഓമനക്കുട്ടനെതിരായ നടപടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ഓമനക്കുട്ടൻ വെറും 70 രൂപയാണ് പിരിച്ചതെന്നും ആ പണം ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ടു വന്ന ഓട്ടോയ്ക്ക് കൂലി കൊടുക്കാനായിരുന്നുവെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. ക്യാമ്പിലെ അന്തേവാസികൾ തന്നെ ഇക്കാര്യം വിശദീകരിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.

തങ്ങൾ പാർട്ടിയുടെ പേരിലല്ല ഇവിടെ വന്നതെന്നും ഗതികേടു കൊണ്ട് ഇവിടെ എത്തിപ്പെട്ടതെന്നും വീഡിയോയിലൂടെ അവിടുത്തെ അന്തേവാസികൾ പറയുന്നു. ഓമനക്കുട്ടൻ അദ്ദേഹത്തിനു വേണ്ടിയിട്ടല്ല, ക്യാമ്പിലുള്ള തങ്ങൾക്കു വേണ്ടിയാണ് പണപ്പിരിവ് നടത്തിയതെന്നും അവർ വിശദീകരിച്ചു.

ഓമനക്കുട്ടനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ചേർത്തല തഹസിൽദാർ നൽകിയ പരാതിയിൽ അർത്തുങ്കൽ പോലീസാണ് സിപിഐഎം ലോക്കൽ കമ്മറ്റി അംഗം ഓമനക്കുട്ടതിനെതിരെ കേസെടുത്തത്. വഞ്ചനാ കുറ്റം ചുമത്തിയായിരുന്നു കേസ്. ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്ന വാഹനത്തിന് വാടക നൽകാനാണ് ഓമനക്കുട്ടൻ പിരിവ് നടത്തിയത്. എന്നാൽ പണപ്പിരിവ് നടത്താൻ ഓമനക്കുട്ടനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലായിരുന്നു ചേർത്തല തഹസിൽദാർ പറഞ്ഞു.

നേരത്തെ ഓമനക്കുട്ടനെ പാർട്ടി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. സംഭവത്തിൽ പാർട്ടി പ്രവർത്തകനും ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും വീഴ്ചപറ്റിയെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here