അവിശ്വാസ പ്രമേയം ഡെപ്യൂട്ടി മേയർക്ക് കൂടി എതിരാണ്; പി കെ രാഗേഷ് രാജിവയ്ക്കണമെന്ന് എം വി ജയരാജൻ

കണ്ണൂർ കോർപ്പറേഷനിൽ ഭരണം നഷ്ടമായതിന് പിന്നാലെ കോൺഗ്രസ് വിമതൻ പി കെ രാഗേഷിനെതിരെ സിപിഐഎം. പി കെ രാഗേഷ് ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.
രാഗേഷിന്റെ നിലപാട് രാഷ്ട്രീയമായും ധാർമ്മികമായും തെറ്റാണ് രാഗേഷിന്റെ നടപടി കൂറുമാറ്റമാണ്. അവിശ്വാസപ്രമേയം ഡെപ്യൂട്ടി മേയർക്ക് കൂടി എതിരാണ്. അതിനെ പിന്തുണക്കുന്നത് ശരിയല്ലെന്നും ജയരാജൻ പറഞ്ഞു.
നേരത്തെ എൽഡിഎഫ് ഭരിച്ചിരുന്ന കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് കൊണ്ടുവന്നിരുന്ന അവിശ്വാസപ്രമേയം പാസായിരുന്നു. കോൺഗ്രസ് വിമതൻ പി കെ രാഗേഷ് യുഡിഎഫിനെ പിന്തുണക്കുകയായിരുന്നു. 26നെതിരെ 28 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. ഇതേ തുടർന്ന് കോർപറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി കെ രാഗേഷ് കെ സുധാകരന് പരസ്യമായി പിന്തുണ നൽകിയതോടെയാണ് ഭരണ മാറ്റം സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here