Advertisement

പള്ളിയിൽ പോസ്റ്റുമാർട്ടം; കവളപ്പാറ പള്ളിയിലെ ജുമുഅ നടത്തിയത് ബസ് സ്റ്റാൻഡിൽ

August 17, 2019
Google News 0 minutes Read

കവളപ്പാറ ഉരുൾപ്പെട്ടലിൽ മരിച്ചവരെ പോസ്റ്റുമാർട്ടം ചെയ്യുന്നതിനായി വിട്ടു നൽകിയ പള്ളിയിലെ ജുമുഅ നടന്നത് ബസ് സ്റ്റാൻഡിൽ. ഇന്നലെ നടന്ന ജുമുഅ നമസ്കാരമാണ് പള്ളി ഭാരവാഹികൾ ബസ് സ്റ്റാൻഡിലേക്കു മാറ്റിയത്. പോത്തുകല്ല് ബസ്‌സ്റ്റാൻഡിലെ പന്തലിൽ നടന്ന നമസ്കാരത്തിനായി സ്ത്രീകളും അണിനിരന്നു.

നിലമ്പൂർ എംഎൽഎ പിവി അൻവറും ജുമുഅയിൽ പങ്കെടുത്തിരുന്നു. നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് മറ്റുള്ളവർക്ക് പങ്കുവെക്കുമ്പോഴാണ് മതം പൂർണമാകുന്നതെന്ന് ജുമുഅ പ്രഭാഷണത്തിനിടെ ഇമാം സിഎച്ച് ഇഖ്ബാൽ ഓർമിപ്പിച്ചു.

കവളപ്പാറയിലുണ്ടായ ഉരുൾ പൊട്ടലിനിടെ മരണപ്പെട്ടവരെ പോസ്റ്റ്മാർട്ടം ചെയ്യുന്നതിനായി 45 കിലോമീറ്റർ ദൂരത്തുള്ള നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത് ഏറെ ശ്രമകരമായിരുന്നു. സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതിനാൽ ഇവിടേയും പോസ്റ്റ്മോർട്ടം സാധ്യമായിരുന്നില്ല. തുടർന്നാണ് സംഭവസ്ഥലത്ത് നിന്നും പത്ത് മിനിറ്റ് മാത്രം ദൂരത്തുള്ള പോത്തുകല്ലിലെ പള്ളി ഭാരവാഹികളെ അധികൃതർ സമീപിച്ചത്. പൂർണസമ്മതം നൽകുന്നതിനൊപ്പം ടേബിളുകളും ലൈറ്റുമടക്കം എല്ലാ സജ്ജീകരണങ്ങളും പള്ളി ഭാരവാഹികൾ തന്നെ ഒരുക്കി നൽകി. മദ്രസയിലെ മേശകൾ നിരത്തിയാണ് പോസ്റ്റ്മോർട്ടത്തിന് സൗകര്യമൊരുക്കിയത്.

ഉരുൾ പൊട്ടലിനെത്തുടർന്ന് കവളപ്പാറയിൽ മരണപ്പെട്ടത് 36 പേരാണ്. ഇനിയും മണ്ണിനടിയിൽ പലരും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 59 പേര്‍ ദുരന്തത്തിന് ഇരയായന്നാണ് ജില്ലാഭരണകൂടത്തിന്റെ കണക്കുകള്‍. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആറ് ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. ഇതിന് പുറമെ ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ ആളുകള്‍ തെറിച്ചു പോവാന്ള്ള സാധ്യത പരിഗണിച്ചു കൊണ്ട് മണ്ണ് അടിഞ്ഞുകൂടിയ കൂടുതല്‍ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഒരേ സമയം പതിനഞ്ച് മണ്ണ് നീക്കിയന്ത്രങ്ങളാണ് തിരച്ചില്‍ നടത്തുന്നതിനായി ഉപയോഗിക്കുന്നത്. ദുരന്തമുണ്ടായി 7 ദിവസമായിട്ടും മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ റഡാര് ഉള്‍പ്പടെയുള്ള ന്യൂതന സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here