Advertisement

ഓമനക്കുട്ടൻ വിഷയത്തിൽ എൻകൗണ്ടറിൽ ഏറ്റുമുട്ടി റഹീമും അവതാരകനും

August 18, 2019
1 minute Read

സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനുമായി ബന്ധപ്പെട്ട് തെറ്റായി വാർത്ത നൽകിയ സംഭവത്തിൽ മാധ്യമപ്രവർത്തർ മാപ്പുപറയുകയല്ല വേണ്ടതെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം. തെറ്റായ വാർത്ത നൽകുന്ന മാധ്യമപ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റഹീം പറഞ്ഞു. ഫോർത്ത് എസ്‌റ്റേറ്റിന്റെ ഒരാനുകൂല്യവും മാധ്യമപ്രവർത്തകർ പറ്റരുതെന്നും റഹീം പറയുന്നു. ഫോർത്ത് എസ്‌റ്റേറ്റിന്റെ ഒരാനുകൂല്യവും പറ്റാത്തവരാണ് മാധ്യമപ്രവർത്തകരെന്ന് അതിന് മറുപടിയായി അവതാരകൻ അരുൺ പറഞ്ഞു. തിരുവനന്തപുരത്ത് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട സംഭവവും അരുൺ ഓർമിപ്പിച്ചു.

‘സത്യാനന്തരം ഒരു ഓമനക്കുട്ടൻ’ എന്ന തലക്കെട്ടോടെയായിരുന്നു ട്വന്റിഫോർ എൻകൗണ്ടർ ഇന്ന് സംപ്രേഷണം ചെയ്തത്. ഓമനക്കുട്ടനുമായി ബന്ധപ്പെട്ട വാർത്ത തെറ്റായി നൽകിയതിൽ ‘മാപ്പ് ചോദിക്കുന്നു’ എന്ന ആമുഖത്തോടെയാണ് പരിപാടി ആരംഭിച്ചത്. മാധ്യമപ്രവർത്തനത്തേയും മാധ്യമപ്രവർത്തകരേയും വിമർശിച്ചുകൊണ്ടുള്ള നിലപാടാണ് ചർച്ചയിൽ ഉടനീളം റഹീം സ്വീകരിച്ചത്. തെറ്റു തിരുത്താൻ മാധ്യമപ്രവർത്തകർക്കും ഒരു അവസരം വേണ്ടേ എന്ന് അവതാരകൻ ചോദിക്കുമ്പോൾ തെറ്റായ വാർത്ത നൽകുന്ന റിപ്പോർട്ടർക്കെതിരെ നടപടിയാണ് വേണ്ടതെന്ന് റഹീം പറയുന്നു.

മാപ്പ് പറഞ്ഞ് ഫോർത്ത് എസ്‌റ്റേറ്റിന്റെ ഒരാനുകൂല്യവും സ്വീകരിക്കാൻ മാധ്യമപ്രവർത്തകർ ശ്രമിക്കരുതെന്ന് റഹീം പറഞ്ഞു. കൈയിൽ മൈക്കും പേനയുമുണ്ടെങ്കിൽ ആർക്കെതിരേയും എന്തും പറയാമെന്നാണോ കരുതിയിരിക്കുന്നതെന്ന് റഹീം ചോദിക്കുന്നു. അത് അംഗീകരിക്കാൻ പറ്റില്ല. ചെറിയ ഒരു മാപ്പിൽ ഒതുങ്ങേണ്ട വിഷയമല്ല ഇതെന്നും റഹീം ചൂണ്ടിക്കാട്ടുന്നു. എല്ലാ മാധ്യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല താൻ പറഞ്ഞതെന്നും റഹീം വ്യക്തമാക്കി.

ഫോർത്ത് എസ്‌റ്റേറ്റിന്റെ ഒരാനുകൂല്യവും പറ്റാത്തവരാണ് മാധ്യമപ്രവർത്തകരെന്ന് റഹീമിന്റെ വാദത്തിന് മറുപടിയായി അരുൺ പറഞ്ഞു. ഫോർത്ത് എസ്‌റ്റേറ്റിന്റെ ആനുകൂല്യം പറ്റിയൊരു മനുഷ്യൻ തിരുവനന്തപുരത്ത് സിസിടിവികൾ അടഞ്ഞുകിടന്നപ്പോൾ മരിച്ചുപോയൊരു ചരിത്രമുണ്ടെന്നും അരുൺ ഓർമിപ്പിച്ചു. ശ്രീറാം വെങ്കിട്ടരാമൻ കൈപറ്റിയ ആനുകൂല്യങ്ങളെക്കുറിച്ചും അവതാരകൻ എടുത്തുപറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top