‘ഫോൺ ടാപ്പിംഗ് മാത്രമല്ല, ഓപ്പറേഷൻ താമരയും അന്വേഷിക്കണം’; ബിജെപിക്കെതിരെ സിദ്ധരാമയ്യ

കർണാകടയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ രൂപീകരണ സമയത്തുണ്ടായ ഫോൺ ടാപ്പിംഗ് വിവാദത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിൽ രൂക്ഷ വിമർനവുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഫോൺ ടാപ്പിംഗ് മാത്രമല്ല, ഓപ്പറേഷൻ താമരയും അന്വേഷിക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ട്വിറ്ററിലാണ് സിദ്ധരാമയ്യയുടെ വിമർശനം.
മുഖ്യമന്ത്രി യെദ്യൂരപ്പയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. മുൻ കാലങ്ങളിൽ സിബിഐയെ പാവയായി ഉപയോഗിച്ച ബിജെപി തന്ത്രമാവില്ല ഇത്തവണത്തെ അന്വേഷണമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ താഴിയിറക്കിയ ഓപ്പറേഷൻ താമരയിലും യെദ്യൂരപ്പ അന്വേഷണം പ്രഖ്യാപിക്കണമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ഫോൺ ടാപ്പിംഗുമായി ബന്ധപ്പെട്ട വിവാദത്തിൽ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി യെദ്യൂരപ്പ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. നേതാക്കളുടെ ആവശ്യപ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് യെദ്യൂരപ്പ പറഞ്ഞത്. സിബിഐ അന്വേഷണം സംബന്ധിച്ച ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here