ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനേയും സഹോദരനേയും അക്രമിസംഘം വെടിവെച്ച് കൊന്നു

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെയും സഹോദരനെയും അക്രമിസംഘം വെടിവെച്ച് കൊന്നു. സഹാറൻപുരിൽ രാവിലെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിലെ ആശിഷ് ജൻവാനിയും സഹോദരൻ അശുതോഷുമാണ് കൊല്ലപ്പെട്ടത്. മൂന്ന് പേർ അടങ്ങുന്ന അക്രമിസംഘം വീട്ടിൽ ഇരച്ചു കയറി വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകി. അശുതോഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശിഷ് ജാൻവാനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരട്ട കൊലപാതകത്തിന് പിന്നിൽ മദ്യ മാഫിയയാണെന്നും മാലിന്യമിടുന്നത് ചോദ്യം ചെയ്തത് കാരണമാണെന്നും രണ്ട് വാദഗതികൾ ഉയർന്നിട്ടുണ്ട്. ഉത്തർപ്രദേശിനെ ഉത്തം പ്രദേശെന്ന് കേൾപ്പിക്കാനായിരുന്നു ആഗ്രഹിച്ചതെന്നും യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ഹത്യാപ്രദേശ് ആയി മാറിയെന്നും മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് പ്രതികരിച്ചു.
പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധമുള്ള ചിലരെ കസ്റ്റഡിയിൽ എടുത്തതായും റിപ്പോർട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here