കുട്ടീഞ്ഞോ ബയേണിലെത്തി; 10ആം നമ്പർ ജേഴ്സി അണിയും

സ്പാനിഷ് ക്ലബ് ബാഴ്സലോനയിൽ നിന്നും ബ്രസീൽ താരം ഫിലിപ്പെ കുട്ടീഞ്ഞോ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിലെത്തി. ലോൺ അടിസ്ഥാനത്തിലാണ് കുട്ടീഞ്ഞോ ജർമ്മനിയിലെത്തിയത്. കുട്ടീഞ്ഞോയെ നൽകി നെയ്മറെ സ്വന്തമാക്കാനുള്ള ബാഴ്സയുടെ തന്ത്രം പൊളിഞ്ഞതനെത്തുടർന്നാണ് താരത്തെ ലോണിലയക്കാൻ ക്ലബ് തീരുമാനിച്ചത്.
ബയേണിൽ വിഖ്യാതമായ പത്താം നമ്പർ ജേഴ്സിയാകും കുട്ടീഞ്ഞോ അണിയുക. ഡച്ച് ഇതിഹാസം ആര്യൻ റോബൻ ഉപയോഗിച്ചു കൊണ്ടിരുന്ന ജേഴിയാണത്. കഴിഞ്ഞ സീസണിൽ അദ്ദേഹം പടിയിറങ്ങിയതോടെയാണ് കുട്ടീഞ്ഞോയ്യ്ക്ക് 10ആം നമ്പർ ജേഴ്സി നൽകാൻ ക്ലബ് തീരുമാനിച്ചത്. ലിവർപൂളിൽ 10ആം നമ്പർ ജേഴ്സി അണിഞ്ഞിരുന്ന കുട്ടീഞ്ഞോ ബാഴ്സയിൽ ഏഴാം നമ്പർ ജേഴ്സിയാണ് അണിഞ്ഞിരുന്നത്.
അതേ സമയം, കുട്ടീഞ്ഞോ ബയേണിലേക്ക് പോയതോടെ നെയ്മർ-ബാഴ്സ ഡീൽ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. കുട്ടീഞ്ഞോയും കൂടി ഉൾപ്പെട്ടതായിരുന്നു നെയ്മർ-ബാഴ്സ ഡീൽ. എന്നാൽ കുട്ടീഞ്ഞോയ്ക്ക് പിഎസ്ജിയിലേക്ക് പോകുന്നതിൽ താത്പര്യം ഉണ്ടായിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തെ ബാഴ്സ ലോണിൽ അയച്ചത്.
പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിൽ നിന്ന് വൻതുക നൽകിയാണ് കുട്ടിഞ്ഞോയെ ബാഴ്സ ടീമിൽ എത്തിച്ചത്. എന്നാൽ മികവിലേക്ക് ഉയരാൻ താരത്തിന് സാധിച്ചിരുന്നില്ല. ബാഴ്സ മാനേജർ ഏണസ്റ്റോ വെൽവെർദെയ്ക്ക് കുട്ടീഞ്ഞോയെ നന്നായി ഉപയോഗിക്കാനും സാധിച്ചിരുന്നില്ല. ഒരു സീസൺ മാത്രം കളിച്ച് റഷ്യൻ ക്ലബായ സെനിതിലേക്ക് പോയ ബ്രസീൽ യുവതാരം മാൽക്കമിനു ശേഷം വെൽവെർദെ വിട്ടുകളയുന്ന രണ്ടാമത്തെ കളിക്കാരനാണ് കുട്ടീഞ്ഞോ. വെൽവെർദെയെ പുറത്താക്കണമെന്ന് ആരാധകർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്ലബ് അതിനു ചെവി കൊടുത്തിട്ടില്ല.
അതേ സമയം, നെയ്മറെ ലോണിലയക്കാൻ പിഎസ്ജി ശ്രമം നടത്തുന്നുണ്ട്. റയലും ബാഴ്സയും മുന്നോട്ടു വെച്ച ഓഫറുകൾ സ്വീകാര്യയോഗ്യമായി തോന്നാതിരുന്നതു കൊണ്ട് പിഎസ്ജി ഓഫർ തള്ളിയിരുന്നു. തുടർന്നാണ് താരത്തെ ലോണിനയക്കാൻ പിഎസ്ജി തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here