സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ മാനന്തവാടി രൂപത വൈദികന്റെ അപവാദ പ്രചരണം

സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദ പ്രചരണം. മഠത്തിൽ സിസ്റ്ററെ കാണാൻ മാധ്യമ പ്രവർത്തകർ എത്തിയ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് അപവാദ പ്രചരണം. മാനന്തവാടി രൂപത പിആർഒ ടീം അംഗമായ വൈദികനാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇത് സംബന്ധിച്ച് ഇന്ന് പൊലീസിന് പരാതി നൽകുമെന്ന് സിസ്റ്റർ ലൂസി പറഞ്ഞു.
പീഡനക്കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിന് സിസ്റ്റർ ലൂസിക്കെതിരെ സഭയിൽ നിന്നും പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം സിസ്റ്ററെ മഠത്തിൽ നിന്നും പുറത്താക്കിക്കൊണ്ട് സഭ കത്തും നൽകിയിരുന്നു. കാരണം കാണിക്കൽ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും താക്കീതുകൾ അവഗണിച്ചെന്നും കാണിച്ചാണ് മെയ് 11 ന് ചേർന്ന ജനറൽ കൗൺസിൽ യോഗം ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.
തന്നെ പുറത്താക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി വത്തിക്കാന് കത്തയച്ചിരുന്നു. എഫ്‌സിസി തനിക്കെതിരെ അസത്യ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ദൈവവചനത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും വത്തിക്കാന് നൽകിയ കത്തിൽ സിസ്റ്റർ ലൂസി വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാങ്കോയ്‌ക്കെതിരെ
സമരം ചെയ്തതുകൊണ്ടാണ് താൻ ഇരയാക്കപ്പെടുന്നതെന്നും ലൂസി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here