ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ അന്വേഷണ സംഘമെത്തി

ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ വീട്ടില്‍ സിബിഐയുടെയും എന്‍ഫോഴ്സ്മെന്റ് വകുപ്പിന്റെയും അന്വേഷണസംഘമെത്തി. എന്നാല്‍, ചിദംബരം വീട്ടില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ മടങ്ങി.

അതേസമയം, അറസ്റ്റില്‍ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. ഐഎന്‍എക്‌സ് മീഡിയ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി മണിക്കൂറുകള്‍ക്കകമാണ് സിബിഐയുടെയും എന്‍ഫോഴ്സ്മെന്റ് വകുപ്പിന്റെയും അന്വേഷണസംഘങ്ങള്‍ ഡല്‍ഹി ജോര്‍ബാഗിലെ ചിദംബരത്തിന്റെ വീട്ടിലെത്തിയത്.

എന്‍ഫോഴ്സ്മെന്റ് വകുപ്പ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കണ്ടുക്കെട്ടിയ വീടാണിത്. വീടൊഴിയാനും നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഡല്‍ഹി ഹൈക്കോടതി ജഡ്ജി സുനില്‍ ഗൗര്‍ ചിദംബരത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കി. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നുമുള്ള അന്വേഷണ ഏജന്‍സികളുടെ നിലപാടും കോടതി കണക്കിലെടുത്തു. മുന്‍ക്കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയതോടെ ചിദംബരം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നാളെ കോടതിക്ക് മുന്നില്‍ വിഷയം ഉന്നയിക്കുമെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More