പോസ്റ്റുമോർട്ടത്തിന് ശേഷം തിരികെ കിട്ടിയപ്പോൾ മൃതദേഹത്തിന് കണ്ണുകളില്ല; പരാതിയുമായി മകൻ

പോസ്റ്റുമോർട്ടത്തിന് ശേഷം തിരികെ കിട്ടിയപ്പോൾ മൃതദേഹത്തിന് കണ്ണുകളില്ല. പരാതിയുമായി മകൻ രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കൊൽക്കത്തയിലാണ് സംഭവം. അറുപത്തൊൻപതുകാരനായ ശംഭുനാഥ് ദാസ് അപകടത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തിരികെ ലഭിച്ചപ്പോഴാണ് കണ്ണുകൾ ഇല്ലെന്ന കാര്യം ബോധ്യപ്പെട്ടത്.
ഞായറാഴ്ചയാണ് ശംഭുനാഥ് ദാസ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആർജി കർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ മരണം സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഇതിനിടെ മൃതദേഹത്തിന്റെ കണ്ണുകൾ നഷ്ടപ്പെട്ടിരിക്കുകയാണെന്ന കാര്യം ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പരാതിയുമായി മകൻ സുഷാന്ത് രംഗത്തെത്തുകയായിരുന്നു. സംഭവം മോർച്ചറി സൂക്ഷിപ്പുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കണ്ണുകൾ എലികൾ കാർന്ന് തിന്നതാകാമെന്നായിരുന്നു വിശദീകരണമെന്ന് സുഷാന്ത് പറയുന്നു.
ഇതേ തുടർന്ന് മകൻ ആശുപത്രി അധികൃതർക്ക് പരാതി എഴുതി നൽകി. സംഭവം അന്വേഷിക്കാൻ മൂന്നംഗ പാനലിനെ ഏർപ്പെടുത്തി. വിഷയത്തിൽ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് സുഷാന്തിന്റെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here