ഭീരുക്കൾ ചിദംബരത്തെ ലജ്ജാകരമാം വിധം വേട്ടയാടുകയാണെന്ന് പ്രിയങ്ക ഗാന്ധി

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ സിബിഐയുടെ അറസ്റ്റ് ഭീഷണി നേരിടുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഭീരുക്കൾ ചിദംബരത്തെ ലജ്ജാകരമാം വിധം വേട്ടയാടുകയാണെന്നും എന്തൊക്കെ വന്നാലും അദ്ദേഹത്തോടൊപ്പം ഉറച്ച് നിൽക്കുമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി പല നിലകളിലും പ്രവർത്തിച്ചയാളാണ് ചിദംബരം. ധനകാര്യ മന്ത്രി, ആഭ്യന്തര മന്ത്രി എന്നീ നിലകളിൽ പതിറ്റാണ്ടുകൾ അദ്ദേഹം വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ചിട്ടുണ്ട്.

ധൈര്യത്തോടെ സത്യം വിളിച്ചു പറയുകയും സർക്കാരിന്റെ പരാജയങ്ങൾ തുറന്ന് കാണിക്കുകയും മാത്രമാണ് അദ്ദേഹം ചെയ്തതെന്നും പ്രിയങ്ക വ്യക്തമാക്കി. ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ഭീഷണി നേരിടുന്ന ചിദംബരം കഴിഞ്ഞ 17 മണിക്കൂറായി ഒളിവിലാണ്. ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനായി പല തവണ ഡൽഹിയിലെ വസതിയിൽ സിബിഐ സംഘമെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ എൻഫോഴ്‌സ്‌മെന്റ് ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Read Also; പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യഹർജി ഉടൻ പരിഗണിക്കില്ലെന്ന് ജസ്റ്റിസ് രമണ; ചീഫ് ജസ്റ്റിസിന് വിട്ടു

കേസിൽ ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎൻഎക്സ് മീഡിയയ്ക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ വിദേശ നിക്ഷേപപ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നൽകിയത് സംബന്ധിച്ചാണ് കേസ്. ഇടപാടിലെ അഴിമതിയെക്കുറിച്ച് സിബിഐയും കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top