Advertisement

പി ചിദംബരത്തിന്റെ മുൻകൂർ ജാമ്യഹർജി ഉടൻ പരിഗണിക്കില്ലെന്ന് ജസ്റ്റിസ് രമണ; ചീഫ് ജസ്റ്റിസിന് വിട്ടു

August 21, 2019
Google News 0 minutes Read

ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ചിദംബരത്തിന് ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്ന് ജസ്റ്റിസ് രമണ പറഞ്ഞു. നിലവിൽ അയോധ്യ കേസ് പരിഗണിക്കുകയാണ് ചീഫ് ജസ്റ്റിസ്.

ചിദംബരത്തിന്റെ മുൻകൂർ ജാമ്യ ഹർജിയുമായി അഭിഭാഷകൻ സൽമാർ ഖുർഷിദ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് അയോധ്യ കേസിൽ വാദം കേട്ടു തുടങ്ങിയതിനാൽ ഖുർഷിദ് പിന്മാറുകയായിരുന്നു. അതേസമയം, പി ചിദംബരം ഒളിവിലാണെന്നാണ് സൂചന. ഡൽഹിയിലെ ജോർബാഗിലുള്ള വീട്ടിൽ ചിദംബരമില്ല. പതിനേഴ് മണിക്കൂറായി ചിംദബരം ഒളിവിലാണ്. ചിദംബരത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻകൂർ ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അന്വേഷണ ഏജൻസികൾ ശക്തമാക്കിയിരിക്കുകയാണ്. അറസ്റ്റ് ചെയ്യുന്നതിനായി മൂന്നു തവണയാണ് അന്വേഷണ സംഘം ചിദംബരത്തിന്റെ വീട്ടിൽ എത്തിയത്. മുൻകൂർ ജാമ്യഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ കാത്തിരിക്കണമെന്നാണ് അഭിഭാഷകൻ ഖുർഷിദ് സിബിഐ സംഘത്തെ അറിയിച്ചത്.

ചിദംബരത്തിന് ജൂലായ് 25 മുതൽ പലതവണയായി ഹൈക്കോടതി അറസ്റ്റിൽ നിന്ന് സംരക്ഷണം നീട്ടിനൽകിവരികയായിരുന്നു. കേസിൽ കാര്യക്ഷമമായി അന്വേഷണം നടത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് ജസ്റ്റിസ് ഗൗർ വിധിയിൽ വ്യക്തമാക്കിയിരുന്നു. ചിദംബരത്തിന്റെ മകൻ കാർത്തിയെ ഈ കേസിൽ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎൻഎക്‌സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ വിദേശ നിക്ഷേപപ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നൽകിയത് സംബന്ധിച്ചാണ് കേസ്. ഇടപാടിലെ അഴിമതിയെക്കുറിച്ച് സിബിഐയും കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here