ജഡ്ജിക്ക് കൊവിഡ്; ഐ.എൻ.എക്‌സ് മീഡിയ കേസ് മാറ്റിവച്ചു

ജഡ്ജി കൊവിഡ് ബാധിതനായതിനെ തുടർന്ന് ഐ.എൻ.എക്‌സ് മീഡിയ കേസ് മാറ്റിവച്ചു. ഡൽഹി സിബിഐ പ്രത്യേക കോടതി ജഡ്ജി എം.കെ. നാഗ്പാലിനാണ് രോഗം സ്ഥിരീകരിച്ചത്.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരവും, മകൻ കാർത്തി ചിദംബരവും വിഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരായത് കോടതി രേഖകളിൽ ഉൾപ്പെടുത്തി. കേസിലെ കൂട്ടുപ്രതിയും വ്യവസായിയുമായ പീറ്റർ മുഖർജിയുടെ ഇടക്കാല ജാമ്യം നീട്ടിയെന്ന് കോടതി ജീവനക്കാരൻ അഭിഭാഷകരെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി.

പി. ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കെ, ഐ.എൻ.എക്‌സ് മീഡിയയ്ക്ക് മുന്നൂറ്റിയഞ്ച് കോടി രൂപയുടെ അനധികൃത വിദേശനിക്ഷേപത്തിന് ഒത്താശ ചെയ്‌തെന്നാണ് ആരോപണം.

Story Highlights: INX media case, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top