സിസ്റ്റർ ലൂസിയുടെ ആത്മകഥയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളെന്ന് സൂചന

സിസ്റ്റർ ലൂസിയുടെ ആത്മകഥയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളെന്ന് സൂചന. ‘ഇൻ ദി നെയിം ഓഫ് ദി ലോഡ്, മൈ ഗോഡ്’ എന്നാണ് ആത്മകഥയുടെ പേര്. പല പ്രമുഖർക്കെതിരേയും ആത്മകഥയിൽ നിർണായക വെളിപ്പെടുത്തലുണ്ടെന്നാണ് വിവരം.
മാനന്തവാടി, തലശേരി രൂപതകളിലെ വൈദികരുടെ നിഗൂഢ ജീവിതങ്ങളുടെ തെളിവുകൾ ആത്മകഥയിലുണ്ടെന്നാണ് സൂചന. സഭയ്ക്കുളളിൽ നിൽക്കുന്ന ആളെന്ന നിലയിൽ ലൂസി കളപ്പുരക്ക് അതേക്കുറിച്ച് തുറന്നെഴുതാൻ സാധിക്കും. ആത്മകഥയിലെ വിവരങ്ങൾ പുറംലോകമറിഞ്ഞാൽ പലരുടേയും മുഖം മൂടി വലിച്ചുകീറപ്പെടും. ഇക്കാരണം കൊണ്ട് പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാൻ ബോധപൂർവമായ ശ്രമമാണ് സഭ നടത്തുന്നതെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. സിസ്റ്റർ ലൂസിയ്ക്കെതിരായി മാനന്തവാടി അതിരൂപതയിലെ വൈദികൻ നോബിൾ നടത്തിയ അപവാദ പ്രചരണം ഇതിന്റെ ഭാഗമാണെന്നും സൂചനയുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ പരാതിയിൽ നോബിൾ പാറയ്ക്കൽ അടക്കം ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ നോബിൾ പാറയ്ക്കലാണ് ഒന്നാം പ്രതി. മദർ സുപ്പീരിയറും മഠത്തിലെ കന്യാസ്ത്രീകളും പ്രതിപ്പട്ടികയിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഹാനി വരുത്തിയതിനും ഉൾപ്പടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് മഠത്തിലെത്തിയ മാധ്യമ പ്രവർത്തകരുടെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് നോബിൾ പാറക്കൽ അപവാദ പ്രചരണം നടത്തിയത്. കാണാൻ വരുന്നവരുടെ കൂട്ടത്തിൽ വനിതാ മാധ്യമപ്രവർത്തകയുടെ ഭാഗം വെട്ടിയൊഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. എന്നാൽ മഠത്തിന്റെ പ്രധാന പ്രവേശന കവാടം മദർ സുപ്പീരിയർ സ്ഥിരമായി പൂട്ടി ഇടുന്നതിനാലാണ് അതിഥികളെ മറ്റൊരു വാതിലിലുടെ സ്വീകരിച്ചതെന്ന് സിസ്റ്റർ ലൂസി വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here