സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരായ അപവാദ പ്രചരണക്കേസ്;സിസ്റ്ററുടെ മൊഴി രേഖപ്പെടുത്തി

നവമാധ്യമങ്ങളിലൂടെ സിസ്റ്റർ ലൂസി കളപ്പുരയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വെളളമുണ്ട പോലീസ് സിസ്റ്ററുടെ മൊഴി രേഖപ്പെടുത്തി.വീഡിയോ അപ്ലോഡ് ചെയ്ത മാനന്തവാടി രൂപതാ പിആർഓ ഫാജർ നോബിൾ പാറക്കൽ തന്നെ അപകീർത്തിപ്പെടുത്താൻ മനപ്പൂർവ്വം വീഡിയോ തയ്യാറാക്കുകയായിരുന്നെന്ന് സിസ്റ്റർ പോലീസിന് മൊഴി നൽകി.കേസിലെ ഒന്നാം പ്രതി ഫാദർ നോബിളിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കുമെന്നാണ് സൂചന.ഇതിനിടെ സിസ്റ്റർ ലൂസിയുടെ ആത്മകഥ പുറത്തിറക്കാതിരിക്കാനാണ് സഭയുടെ നീക്കമെന്ന് പ്രസാദകരായ പൈൻ ബുക്ക് ഉടമ ബിന്ദു മിൽട്ടൺ പറഞ്ഞു
മാനന്തവാടി കാരയ്ക്കാമഠത്തിലെത്തിയാണ് അന്വേഷണസംഘം സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ മൊഴി രേഖപ്പെടുത്തിയത്.തന്നെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഫാദർ നോബിൾ സഭയിലെ ചിലരുടെ സഹായത്തോടെ പ്രചരണം നടത്തുകയായിരുന്നെന്ന് സിസ്റ്റർ മൊഴി നൽകി.മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ കേസിലെ ഒന്നാം പ്രതി നോബിളിനും മറ്റ് പ്രതികൾക്കുമെതിരെ ഐടി ആക്ട് ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കുമെന്നാണ് സൂചന.അതേസമയം സിസ്റ്റർ ലൂസി കളപ്പുരക്കെതിരായ നിലവിലത്തെ പ്രതികാര നടപടികൾ അവർ പുറത്തിറക്കാനൊരുങ്ങുന്ന ആത്മകഥയുമായി ബന്ധപ്പെട്ടാണെന്നും പുസ്തകം പുറത്തിറങ്ങുന്നതോടെ സഭ പ്രതിരോധത്തിലാകുമെന്നും പ്രസാധകരായ പൈൻ ബുക്ക്‌സ് ഉടമ ബിന്ദു മിൽട്ടൺ പറഞ്ഞു
ഇതിനിടെ സിസ്റ്റർ ലൂസിക്കെതിരെ അപവാദപ്രചരണം നടത്തിയ സംഭവത്തിൽ ഫാദർ നോബിൾ പാറക്കലിനെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക്ക് ലേമെൻസ് അസോസിയേഷൻ ബിഷപ്പ് മാർ ജോസ് പെരുന്നേടത്തിന് കത്ത് നൽകി.സിസ്റ്റർക്ക് പിന്തുണ പ്രഖ്യാപിച്ച ഒരു സംഘം വിശ്വാസികൾ വയനാട്ടിൽ പൊതുയോഗം സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here