കെവിൻ കേസ് ദുരഭിമാനക്കൊല തന്നെ; പത്ത് പ്രതികൾ കുറ്റക്കാരെന്ന് കോടതി

കെവിൻ വധക്കേസിൽ ഷാനു ചാക്കോ ഉൾപ്പെടെ പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് തെളിയിക്കപ്പെട്ടത്. നീനുവിന്റെ പിതാവ് ചാക്കോ ഉൾപ്പെടെ നാല് പേരെ കോടതി വെറുതേ വിട്ടു. സംഭവം ദുരഭിമാനക്കൊലയെന്ന നിരീക്ഷണവും കോടതിയിൽ നിന്നുണ്ടായി. കേസിൽ ശനിയാഴ്ച്ച ശിക്ഷാ വിധിയുണ്ടാകും.

പതിനാല് പ്രതികളിൽ ഷാനു ചാക്കോ ഉൾപ്പെടെ പത്ത് പേരും ഐപിസി 306 a , 364 a വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചെയ്തിട്ടുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് പുറമെ 2 മുതൽ നാല് വരെയുള്ള പ്രതികൾക്കും ,6 മുതൽ 9 വരെയുള്ളവർക്കും ,11,12 പ്രതികൾക്ക് മേലും കുറ്റങ്ങൾ തെളിഞ്ഞു. നീനുവിന്റെ സഹോദരൻ ഷാനുവിന് പുറമെ രണ്ടാം പ്രതി നിയാസ് മോൻ, നാലാം പ്രതി റിയാസ് ഇബ്രാഹിം കുട്ടി എന്നിവർക്കെതിരെ പ്രത്യേക ഗൂഢാലോചന കുറ്റവും തെളിയിക്കപ്പെട്ടു. ആറ് പ്രതികൾ ഭവന ദേദനം, നാശനഷ്ടം ഉണ്ടാക്കൽ, തടഞ്ഞുവെക്കൽ എന്നിവ ചെയ്തെന്ന് കണ്ടെത്തി.

എന്നാൽ നീനുവിനെ പിതാവും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോ ഉൾപ്പെടെ നാല് പേരെ കോടതി വെറുതെ വിട്ടു. പത്താം പ്രതി വിഷ്ണു, 13, 14 പ്രതികളായ ഷിനു, റെമീസ് എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുള്ളവർ. സംശയത്തിന്റെ ആനുകൂല്യത്തിന്റെ പുറത്താണ് ഇതെന്ന് പ്രോസിക്യൂഷൻ വിലയിരുത്തി. സംഭവം ദുരഭിമാനക്കൊലയെന്ന സുപ്രധാന നിരീക്ഷണവും കോടതിയിൽ നിന്നുണ്ടായി.

Read Also : കെവിൻ വധം; എസ്‌ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു

കൊല്ലം തെൻമല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കോട്ടയം നട്ടാശേരി സ്വദേശി കെവിനെ നീനുവിന്റെ വീട്ടുകാർ 2018 മെയ് 27 ന് കൊലപ്പെടുത്തിയെന്നാണ് കേസ്. മെയ് 27ന് പുലർച്ചെ മാന്നാനത്തെ ബന്ധു വീട്ടിൽ നിന്നും നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോകുകയും പിറ്റേന്ന് രാവിലെ 11ന് പുനലൂർ ചാലിയേക്കര ആറിൽ മരിച്ച നിലയിൽ കെവിനെ കണ്ടെത്തുകയുമായിരുന്നു.

നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ സാനു ചാക്കോ എന്നിവർ ഉൾപ്പെടെ 14 പ്രതികളാണ് കേസിലുള്ളത്. ഇതിൽ ഒമ്പത് പേർ ജയിലിലും അഞ്ച് പേർ ജാമ്യത്തിലുമാണ്. കെവിനൊപ്പം പ്രതികൾ തട്ടിക്കൊണ്ടുപോയ അനീഷാണ് മുഖ്യസാക്ഷി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഭവനഭേദനം അങ്ങനെ പത്ത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 238 രേഖകളും 55 തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. കേസിൽ കഴിഞ്ഞ ഏപ്രിൽ 24നാണ് വിചാരണ തുടങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top