ജിഎസ്ടി നിരക്കുകൾ ലളിതമാക്കും; ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

56-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ജിഎസ്ടി നിരക്കുകൾ ലളിതമാക്കുന്നതിനുള്ള നിർദേശമാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
നികുതി ഘടന ലളിതവൽക്കരിക്കുന്നതിന്റെ ഭാഗമായി 12 ശതമാനം, 28 ശതമാനം സ്ലാബുകൾ ഇല്ലാതാക്കാനാണ് നിർദ്ദേശം.അതേസമയം, ആഡംബര വസ്തുക്കൾ, ഡീമെറിറ്റ് വസ്തുക്കൾ എന്നിവയ്ക്ക് 40 ശതമാനം നികുതി തുടരും എന്നാണ് സൂചന. റിട്ടേൺ സമർപ്പണങ്ങൾ, റീഫണ്ടുകൾ, തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യമായ മാറ്റങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.
Read Also: ഇന്ത്യയ്ക്ക് വമ്പൻ ഓഫർ; ക്രൂഡ് ഓയിലിന്റെ വില കുറച്ച് റഷ്യ
ജി.എസ്.ടി നവീകരണത്തിനുള്ള കേന്ദ്രത്തിന്റെ പരിഷ്‌കരണ ശിപാർശ മന്ത്രിതല സമിതി അംഗീകരിച്ചിരുന്നു. ഭേദഗതി വരുന്നതോടെ 5%, 18% സ്ലാബുകളാകും നികുതിഘടനയിൽ ഉണ്ടാകുക. 12%, 28% സ്ലാബുകൾ ഒഴിവാക്കും. പുതിയ മാറ്റത്തോടെ 12 ശതമാനം നികുതി ഈടാക്കിയിരുന്ന 99 ശതമാനം ഇനങ്ങളുടെയും വില അഞ്ചു ശതമാനം നികുതിയിലേക്ക് മാറും. 28 ശതമാനം സ്ലാബിൽ ഉൾപ്പെട്ടിരുന്ന 90 ശതമാനം സാധനങ്ങളും സേവനങ്ങളും 18 ശതമാനം സ്ലാബിലേക്കും മാറ്റപ്പെടും.
Story Highlights : GST Council meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here