നെയ്മറെ ട്രോളി ഉണ്ണി മുകുന്ദൻ; പണി തരുന്നുണ്ടെന്ന് ആരാധകരുടെ രോഷം; ഒടുവിൽ വിശദീകരണം

ബ്രസീൽ സൂപ്പർ താരം നെയ്മറെ ട്രോളിയ ഉണ്ണി മുകുന്ദനെതിരെ സൈബർ ആക്രമണം. ഫേസ്ബുക്കിൽ ഉണ്ണി മുകുന്ദൻ പങ്കുവച്ച ഒരു വീഡിയോയാണ് പുലിവാലായത്. നെയ്മർ ആരാധകരുടെ രോഷം അണപൊട്ടിയപ്പോൾ വിശദീകരണവുമായി താരം രംഗത്തെത്തി.
ഒരു കായിക താരത്തേയും മോശമായി കാണിക്കാൻ വേണ്ടിയായിരുന്നില്ല തന്റെ പോസ്‌റ്റെന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. വീഡിയോ പോസ്റ്റിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ധാരാളം കോളുകളും സന്ദേശങ്ങളും ലഭിച്ചുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. നെയ്മറിന്റെ ഒരു ചിത്രവും പോസ്റ്റിനൊപ്പം ഉണ്ണി മുകുന്ദൻ പങ്കുവച്ചു.
ആഗസ്റ്റ് ഇരുപതിനാണ് കുട്ടികൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്ന വീഡിയോ ഉണ്ണി മുകുന്ദൻ പങ്കുവച്ചത്. വീഡിയോയിലെ ഒരു കുട്ടി നെയ്മറെ പോലെ ചെയ്‌തെന്നായിരുന്നു അതിന് നൽകിയ അടിക്കുറിപ്പ്. ലോകകപ്പിനിടെ പരിക്ക് അഭിനയിച്ച് നിലത്ത് കിടന്ന നെയ്മറിനെതിരെ കടുത്ത പരിഹാസമുയർന്നിരുന്നു. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു ഉണ്ണി മുകുന്ദന്റെ അടിക്കുറിപ്പ്. വീഡിയോക്ക് താഴെ മോശം കമന്റുകൾ നിറഞ്ഞു. ഇതിന് പണി തരുന്നുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. തെറിവാക്കുകളും കമന്റായി വന്നു. സിനിമ ബഹിഷ്‌ക്കരിക്കുമെന്ന് വരെ പറഞ്ഞവരുണ്ട്. ഇതിനിടെയാണ് വിശദീകരണവുമായി ഉണ്ണി മുകുന്ദൻ രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here