Advertisement

അങ്ങിനെ ജോഷിയും ന്യൂജെൻ ഡയറക്ടറായി ! പൊറിഞ്ചു മറിയം ജോസ് റിവ്യു

August 23, 2019
2 minutes Read

-യു പ്രദീപ്

പൊറിഞ്ചു മറിയം ജോസ് കാണാൻ പോകുമ്പോൾ സ്വൽപം തയ്യാറെടുപ്പ് അനിവാര്യമാണ്. ഉദാത്തമായ സന്ദേശം പ്രേക്ഷകരിലെത്തിക്കുന്ന ചിത്രമല്ലിത്. മൂഡ് ക്രിയേറ്റ് ചെയ്യുന്ന കഥാതന്തുവുമില്ല. പക്ഷേ പടം കിടിലൻ തന്നെ. ആദ്യന്തം ഉദ്വേഗഭരിതം എന്ന് പറയാൻ സാധിക്കില്ലെങ്കിലും, അഭിനേതാക്കൾ ഓരോരുത്തരുടേയും തകർപ്പൻ പ്രകടനം കൊണ്ട് പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നു.

ഹൈലൈറ്റ്‌സ്

സംവിധാനം: ജോഷി

പണ്ട് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്, മലയാള സിനിമയിലെ ഏറ്റവും മികച്ച ടെക്‌നീഷ്യൻ ജോഷിയാണെന്ന്. ന്യൂഡൽഹി, നായർസാബ്, കൌരവർ, ലേലം, പത്രം, നരൻ തുടങ്ങിയ മാസ് ചിത്രങ്ങളുടെ സംവിധായകനിൽ നിന്ന് പ്രേക്ഷകൻ വല്ലാതെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ന്യൂഡൽഹിയിലെ ജി.കെ മുതൽ നരനിലെ മുള്ളങ്കൊല്ലി വേലായുധൻ വരെ, കരുത്തുറ്റ കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച ജോഷിയുടെ നാല് വർഷത്തിന് ശേഷമുള്ള മാസ് എൻട്രി തന്നെയാണ് പൊറിഞ്ചു മറിയം ജോസ്. ലൈവ് ഡബ്ബിംഗും (സിങ്ക് സൗണ്ട്) ഹെലിക്യാം ഷോട്ടുകളും സ്വഭാവിക അഭിനയ രീതിയും എല്ലാം ജോഷി ഈ ചിത്രത്തിൽ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. അങ്ങിനെ ജോഷിയും ന്യൂജെൻ ഡയറക്ടറായി. (റൺ ബേബി റൺ എന്ന ചിത്രത്തിൽ ചില പരീക്ഷണങ്ങൾ നടത്തിയിരുന്നു)

തിരക്കഥ: അഭിലാഷ് എൻ. ചന്ദ്രൻ

2016 ൽ പുറത്തിറങ്ങിയ ദൂരം എന്ന ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയ അഭിലാഷ് എൻ. ചന്ദ്രനാണ് പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥാകൃത്ത്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, യുക്തിഭദ്രവും ശക്തിയുക്തവുമായ തിരക്കഥ. നെടുനീളൻ ഡയലോഗുകൾക്ക് സ്‌പേസ് ഉണ്ടായിരുന്നിട്ടും ഉപയോഗിച്ചില്ല, മരം ചുറ്റി പ്രേമമില്ല, എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തിത്വം നൽകി… ഇത്രയും പോരേ ? പോരാ..! ചിത്രത്തിന്റെ നരേറ്റിംഗിൽ തിരക്കഥാകൃത്ത് കാണിച്ച ജാഗ്രത! ശ്ലാഘനീയം. ചിത്രം കാണുന്നവർക്ക് അത് ബോധ്യപ്പെടുകയും ചെയ്യും. ഇടവേളയിലേക്കുള്ള ഒരു ഷോട്ട് മാത്രം മതി ഇതിനെ ഉദാഹരിക്കാൻ. ശവപ്പെട്ടിക്കച്ചവടക്കാരൻറെ ചിരകാലാഭിലാഷമായ കടയുടെ പേരുമാറ്റൽ, ഒറ്റ ഷോട്ടിലൂടെ രണ്ടാം ഭാഗത്തിലേക്കുള്ള ചൂണ്ടുപലകയാക്കി മാറ്റുന്ന വൈഭവം.

കലാസംവിധാനം : ദിലീപ് നാഥ്

1984 – 85 കാലഘട്ടത്തിലെ തൃശ്ശൂർ പട്ടണവും പുത്തൻപള്ളിയും പരിസരപ്രദേശങ്ങളും വലിയ കുഴപ്പങ്ങളില്ലാതെ അത്യാവശ്യം നിയർ ടു പെർഫെക്ഷനായി ഒരുക്കിയിരിക്കുന്നു മിടുക്കനായ ഈ കലാകാരൻ. അംബുജ സിമന്റ് മുതൽ ഒരുപാട് പറയാനുണ്ട് കലാസംവിധാനത്തെക്കുറിച്ച്.

പ്രകടനം

ജോസിനെ അനശ്വരമാക്കിയ ചെമ്പൻ വിനോദ് ജോസിന് അഭിനയത്തിൽ ഒന്നാം സ്ഥാനം നൽകാമെങ്കിലും പൊറിഞ്ചുവിനെ വേറൊരു തലത്തിലേക്കെത്തിച്ച ജോജു ജോർജും മറിയമായി നിറഞ്ഞാടിയ നൈല ഉഷയും വില്ലൻ വേഷം കൈകാര്യം ചെയ്ത രാഹുൽ മാധവും വിജയരാഘവനും ഗംഭീരമാക്കി എന്നുതന്നെ പറയണം. എന്നാൽ, ചെറിയ ചെറിയ വേഷങ്ങളിലെത്തി കൈയ്യടി നേടിയ ഒട്ടേറേ കലാകാരന്മാരുണ്ട് ഈ ചിത്രത്തിൽ. ടി ജി രവിയും സലിം കുമാറും ജയരാജ് വാര്യരും നന്ദകിഷേറും ഐ എം വിജയനും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു.

പോരായ്മകൾ

  •  സമൂഹത്തെ വഴിതെറ്റിക്കാവുന്ന ഒട്ടേറെ സന്ദേശങ്ങൾ അറിഞ്ഞോ അറിയാതെയോ ഈ ചിത്രത്തിൽ കടന്നു കൂടിയിട്ടുണ്ട്. കുറേയൊക്കെ ഒഴിവാക്കാമായിരുന്നു.
  • വലിയൊരു ഉള്ളി പോലെയാണ് പൊറിഞ്ചു മറിയം ജോസിൻറെ കഥ. തൊലി പൊളിച്ചാൽ പിന്നെ ഒന്നുമില്ല.
  • VIOLENCE FOR NO REASON; EXCEPT FOR PETTY VENGEANCE (സുബ്രഹ്മണ്യ പുരത്തിന്റെ തൃശൂർ ‘വേർഷൻ’) ഇതൊക്കെ പഴകി പതിഞ്ഞ പ്രമേയമല്ലേ..?

റെക്കമന്റേഷൻ

ലാഗ് ഫീൽ ചെയ്യാതെ ഒരു സിനിമ രസകരമായി കണ്ടിരിക്കണമെന്നാണ് ആഗ്രഹമെങ്കിൽ പൊറിഞ്ചു മറിയം ജോസ് മിസ്സാക്കരുത്. ടെക്‌നിക്കലി പെർഫെക്ട് പ്രൊഡക്ഷൻ. സൂപ്പർ താരങ്ങൾക്ക് മാത്രമല്ല മാസ് എൻട്രി എന്ന് സൂപ്പർ താരങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന ചിത്രം. ഓണച്ചിത്രങ്ങളിൽ ആദ്യ ഹിറ്റ് എന്ന് വിശേഷിപ്പിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement