താൻ അടുത്ത ഐപിഎൽ സീസണിൽ കളിക്കുമെന്ന് റായുഡു

അടുത്തിടെ അപ്രതീക്ഷിതമായി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നു നിന്നു വിരമിച്ച അമ്പാട്ടി റായുഡു വീണ്ടും കളിക്കളത്തിലേക്ക്. അടുത്ത ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുമെന്നാണ് റായുഡു അറിയിച്ചിരിക്കുന്നത്. സ്പോർട്സ് സ്റ്റാറിനു നൽകിയ അഭിമുഖത്തിലാണ് റായുഡു മനസ്സു തുറന്നത്.
”ചെന്നൈ സൂപ്പർ കിംഗ്സ് തനിക്ക് എല്ലായ്പ്പോഴും വലിയ പിന്തുണ നൽകുന്നുണ്ടെന്നത് ഏറെ സന്തോഷകരമാണ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ പ്രതിനിധീകരിക്കുന്നതിന് വേണ്ടി മികച്ച രീതിയിൽ ഞാൻ മുന്നൊരുക്കം നടത്തും. ഉറപ്പായും ഞാൻ ഐപിഎല്ലിൽ കളിക്കും.”- റായുഡു പറഞ്ഞു.
നേരത്തെ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ അമ്പാട്ടി റായുഡു ടീമിൽ ഇടംനേടിയിരുന്നില്ല. പരിക്കേറ്റ് ധവാനും വിജയ് ശങ്കറും ടീമിന് പുറത്തായിട്ടും തന്നെ പരിഗണിക്കാത്തതിനെത്തുടർന്നാണ് റായുഡു അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നു വിരമിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിനങ്ങളും ആറു ടി-20കളും ഈ മുപ്പത്തിമൂന്നുകാരൻ കളിച്ചിട്ടുണ്ട്. 55 ഏകദിനങ്ങളിൽ നിന്ന് 47.05 ശരാശരിയിൽ 1694 റൺസാണ് റായുഡുവിൻ്റെ സമ്പാദ്യം. മൂന്ന് സെഞ്ചുറികളും 10 അർധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.
ചെന്നൈ സൂപ്പർ കിംഗ്സ് കിരീടം നേടിയ 2018 ഐപിഎൽ സീസണിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച താരമാണ് റായുഡു. 600 ലധികം റൺസ് ആ സീസണിൽ ചെന്നൈയ്ക്കായി നേടിയ റായുഡു തന്നെയായിരുന്നു അവരുടെ ടോപ്‌സ്കോറർ. എന്നാൽ കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനമായിരുന്നു താരത്തിന്റേത്. 17 ഇന്നിംഗ്സുകളിൽ നിന്ന് വെറും 282 റൺസ് മാത്രമായിരുന്നു റായുഡുവിന് നേടാനായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here