വിടവാങ്ങിയത് നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങി മോദി സർക്കാരിന്റെ നിർണ്ണായക തീരുമാനങ്ങൾക്ക് പിന്നിലെ ശക്തി

1970കളുടെ തുടക്കത്തില്‍ എബിവിപിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അരുണ്‍ ജെയ്റ്റ്‌ലി ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ധനമന്ത്രി എന്ന നിലയിലാണ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. നോട്ടുനിരോധനവും ജിഎസ്ടി നടപ്പിലാക്കലും അടക്കമുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കിയത് അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചതും ജെയ്റ്റ്‌ലിയുടെ മേല്‍നോട്ടത്തിലായിരുന്നു.

ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായിരിക്കെ എ.ബി.വി.പി.യിലൂടെയാണ് അരുണ്‍ ജെയ്റ്റ്‌ലി രാഷ്ട്രീയരംഗത്തേയ്ക്ക് പ്രവേശിച്ചത്. 1974ല്‍ ഡല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെയ്റ്റ്‌ലി അടിയന്തരാവസ്ഥയുടെ നാളുകളില്‍ 19 മാസം കരുതല്‍ തടങ്കലിലായിരുന്നു. പ്രമുഖ അഭിഭാഷകന്‍ കൂടിയായിരുന്ന ജെയ്റ്റ്‌ലി 1989ല്‍ വി.പി.സിങ് മന്ത്രിസഭയുടെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിക്കപ്പെട്ടു.

Read Also : തിരിച്ചടിക്കാന്‍ സുസജ്ജം; ഇന്ത്യയ്ക്കിന്ന് എന്തും ചെയ്യാനാകുമെന്നും അരുണ്‍ ജെയ്റ്റ്‌ലി

1991 മുതല്‍ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗമായ ജെയ്റ്റ്‌ലി 1999ലെ വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണത്തിന്റെയും നിയമമന്ത്രാലയത്തിന്റെയും ചുമതലയുള്ള മന്ത്രിയായിരുന്നു. പിന്നീട് 2002ല്‍ ബിജെപി ജനറല്‍ സെക്രട്ടറിയും ദേശീയ വക്താവുമായി. വക്താവെന്ന നിലയില്‍ ബിജെപിയുടെ പ്രതാപകാലത്ത് തിളങ്ങിനിന്നു ജെയ്റ്റ്‌ലി. 2009 മുതല്‍ 14 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. ഈ കാലഘട്ടത്തില്‍ മികച്ച പ്രസംഗങ്ങള്‍ കൊണ്ട് രാജ്യസഭയിലാകെ നിറഞ്ഞുനിന്നു.

2014ല്‍ അമൃത്സര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അമരീന്ദര്‍ സിങിനോട് തോറ്റെങ്കിലും നരേന്ദ്ര മോദി, ജെയ്റ്റ്‌ലിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ധനവകുപ്പിന്റെ ചുമതല നിര്‍വഹിച്ച ജെയ്റ്റ്‌ലി നോട്ടുനിരോധനവും ജിഎസ്ടി നടപ്പിലാക്കലും അടക്കമുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനവും നടപ്പിലാക്കിയത് ജെയ്റ്റ്‌ലിയുടെ മേല്‍നോട്ടത്തിലായിരുന്നു. സുഷമ സ്വരാജിന് പിന്നാലെ അരുണ്‍ ജെയ്റ്റ്‌ലിയെ കൂടി നഷ്ടമായത് ബിജെപിയ്ക്ക് ദേശീയതലത്തിത്തില്‍ വലിയ തിരിച്ചടിയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More