രാഹുലിനെയും പ്രതിപക്ഷ നേതാക്കളെയും ശ്രീനഗറിൽ തടഞ്ഞു; സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് വിശദീകരണം

ജമ്മു കശ്മീർ സന്ദർശനത്തിനെത്തിയ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെ ശ്രീനഗറിൽ പോലീസ് തടഞ്ഞു. നേതാക്കളുടെ സന്ദർശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഘത്തെ തിരിച്ചയക്കുകയും ചെയ്തു.
വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും ഇവരെ ശ്രീനഗർ വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങാൻ പൊലീസ് അനുവദിച്ചില്ല. മാധ്യമങ്ങളോട് സംസാരിക്കാനും പൊലീസ് ഇവരെ അനുവദിച്ചില്ല.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, കോണ്ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, തിരുച്ചി ശിവ (ഡിഎംകെ), മനോജ് ഝാ (ആർജെഡി), ദിനേഷ് ത്രിവേദി(എൻസിപി) എന്നിവരാണ് കശ്മീർ സന്ദർശിക്കാനെത്തിയ മറ്റു പ്രതിപക്ഷ പാർട്ടി നേതാക്കൾ.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷമുള്ള രാഹുലിന്റെ ആദ്യ സന്ദർശനമാണിത്. തടങ്കലിലുള്ള നേതാക്കളെയും, ജനങ്ങളെയും കണ്ട് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയെന്നതാണ് ലക്ഷ്യമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here