കെവിന്‍ വധക്കേസില്‍ വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി

കെവിന്‍ വധക്കേസില്‍ ശിക്ഷാ വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രത്യേക കേസായി പരിഗണിച്ച് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, പ്രായവും കുടുംബ പശ്ചാത്തലവും വ്യക്തമാക്കിയ പ്രതികള്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. കുറഞ്ഞ ശിക്ഷ നല്‍കണമെന്ന വാദത്തോട്, ദുരഭിമാന കൊല
എങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കേണ്ടിവരില്ലേയെന്ന് കോടതി ചോദിച്ചു.

നാടകീയ രംഗങ്ങള്‍ക്കാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വേദിയായത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്ത് പ്രതികളില്‍ എട്ട് പേരും കുടുംബ പ്രാരാബ്ദങ്ങള്‍ കോടതിക്ക് മുമ്പില്‍ പറഞ്ഞു. റിയാസ്, നിഷാദ്, ടിറ്റു ജെറോം, ഷാനു ഷാജഹാന്‍ എന്നിവര്‍ സംസാരത്തിനിടെ പൊട്ടിക്കരഞ്ഞു. വികാരാധീനനായ പ്രതിഭാഗം അഭിഭാഷകന്‍ ബൈബിള്‍ വാചകങ്ങള്‍ ഉദ്ധരിച്ച് കോടതിയില്‍ വിതുമ്പി.

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കരുതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ദുരഭിമാനക്കൊലയെങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കേണ്ടി വരില്ലേയെന്ന് കോടതി ചോദിച്ചു. ഇതോടെ വധശിക്ഷ ഒഴിവാക്കി, കുറഞ്ഞ ശിക്ഷകള്‍ നല്‍കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. കെവിന്റേത് കൊലപാതകമല്ല മുങ്ങി മരണമാണെന്ന വാദവും ഉയര്‍ന്നു.

ദുരഭിമാന കൊല പ്രത്യേക കേസായാണ് സുപ്രീം കോടതി കാണുന്നതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും, അല്ലാത്ത പക്ഷം വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ പ്രത്യേകമായി ശിക്ഷകള്‍ നല്‍കണമെന്നും വാദം ഉയര്‍ന്നു. പ്രതികളില്‍ നിന്ന് പിഴ ഈടാക്കി അനീഷിനും നീനുവിനും കെവിന്റെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പിഴ നല്‍കിയില്ലെങ്കില്‍ വസ്തുക്കള്‍ പിടിച്ചെടുത്ത് തുക ഈടാക്കണമെന്ന ആവശ്യവും വാദത്തില്‍ ഉണ്ടായി. ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന് പ്രതികള്‍ കോടതി മുറിയില്‍ പയറ്റിയതെന്ന് കെവിന്റെ പിതാവ് ജോസഫ് ആരോപിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More