Advertisement

ചുഴലിക്കാറ്റിനെ ആറ്റം ബോംബിട്ടു തകർത്തു കൂടേയെന്ന് ട്രംപ്

August 26, 2019
Google News 0 minutes Read
Donald Trump trump changes stand on paris treaty

ചുഴലിക്കാറ്റിനെ തുരത്താനുള്ള വ്യത്യസ്തമായ ആശയവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചുഴലിക്കാറ്റിനെ ആറ്റം ബോംബിട്ടു തകർത്തു കൂടെയെന്ന് ട്രംപ് ചോദിച്ചുവെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച ചുഴലിക്കാറ്റ് സംബന്ധിച്ചുള്ള വിലയിരുത്തലിനായി ചേര്‍ന്ന ഉന്നത തല യോഗത്തിലായിരുന്നു ട്രംപിന്റെ ചോദ്യം. അമേരിക്കന്‍ ന്യൂസ് വെബ്‌സൈറ്റായ ആക്‌സിയോസ് ആണ് റിപ്പോർട്ട് പുറത്തു വിട്ടത്.

ആഭ്യന്തര, ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥരോടായിരുന്നു ട്രംപിന്റെ ചോദ്യം. ആഫ്രിക്കന്‍ തീരത്താണ് ചുഴലിക്കാറ്റ് രൂപം കൊള്ളുന്നത്. അറ്റ്‌ലാൻ്റിക്കിലൂടെ അത് പുരോഗമിക്കും. അങ്ങനെയെങ്കില്‍ ആ ഘട്ടത്തില്‍ തന്നെ അണു ബോംബ് ഉപയോഗിച്ച് അതിനെ തടയാനാകില്ലേയെന്നായിരുന്നു ട്രംപിന്റെ ചോദ്യം. നമുക്ക് അതിനുള്ള സംവിധാനമുണ്ട്. ചുഴലിക്കാറ്റിൻ്റെയുള്ളിൽ ആറ്റം ബോംബ് വെച്ചു പൊട്ടിച്ചാൽ കാറ്റ് ചിതറിപ്പോവില്ലേ. നമുക്കെന്തു കൊണ്ട് അത് ചെയ്തുകൂടായെന്ന് ട്രംപ് ചോദിച്ചുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തങ്ങള്‍ അത് പരിശോധിക്കുമെന്നായിരുന്നു ട്രംപിന്റെ ചോദ്യത്തിന് യോഗത്തിലുയര്‍ന്ന മറുപടി.

യോഗത്തിലുണ്ടായിരുന്ന ഒരാളെ ഉദ്ധരിച്ചാണ് ആക്‌സിയോസിന്റെ വാര്‍ത്ത. ഇതാദ്യമായല്ല ട്രംപ് ചുഴലിക്കാറ്റിനെ തുരത്താൻ ആറ്റം ബോംബ് എന്ന ആശയം പങ്കുവെക്കുന്നത്. 2017ലും, ന്യൂക്ലിയര്‍ ബോംബ് ഉപയോഗിച്ച് ചുഴലിക്കാറ്റിനെ ഇല്ലാതാക്കിക്കിക്കൂടേയെന്ന് ട്രംപ് ചോദിച്ചിരുന്നു. ട്രംപിൻ്റെ ഈ പ്രസ്താവനയോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തയ്യാറായില്ല.

1950 ല്‍ തന്നെ ഒരു സര്‍ക്കാര്‍ ശാസ്ത്രജ്ഞന്‍ ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരുന്നുവെന്നാണ് വിവരം. അന്ന് ഈസെന്‍ഹോവറായിരുന്നു യുഎസ് പ്രസിഡന്റ്. എന്നാല്‍ അത് പ്രായോഗികമല്ലെന്ന് അന്നേ വ്യക്തമായതായിരുന്നു. കൂടാതെ അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവ കരാറിന് വിരുദ്ധമാണ് ഇത്തരമൊരു ആശയം. സമാധാന ആവശ്യങ്ങള്‍ക്കായി ആണവോര്‍ജം ഉപയോഗിക്കണമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ.

ചുഴലിക്കാറ്റ് നിരന്തരം അമേരിക്കയില്‍ കനത്ത നാശം വിതയ്ക്കാറുണ്ട്. 2017 ലുണ്ടായ ഹാര്‍വി കൊടുങ്കാറ്റ് നിരവധി പേരുടെ മരണത്തിനിടയാക്കുകയും കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here