മൻമോഹൻ സിംഗിന്റെ പ്രത്യേക സുരക്ഷ കേന്ദ്ര സർക്കാർ എടുത്ത് കളഞ്ഞു

മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന്റെ പ്രത്യേക സുരക്ഷ കേന്ദ്ര സർക്കാർ എടുത്ത് കളഞ്ഞു. ഇനി മുതൽ അദ്ദേഹത്തിന് സിആർപിഎഫ് സുരക്ഷയായിരിക്കും ലഭിക്കുക. വാർഷിക പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സെഡ് ക്യാറ്റഗറി സുരക്ഷ തന്നെ മൻമോഹൻ സിംഗിന് തുടർന്നും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രിയെന്ന നിലയിലാണ് എസ്പിജി സുരക്ഷ മൻമോഹൻ സിംഗിന് ലഭിച്ചിരുന്നത്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക അവലോകനത്തിൽ അദ്ദേഹത്തിന് ജീവന് ഭീഷണിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ്പിജിക്ക് പകരം സിആർപിഎഫ് സുരക്ഷ ഒരുക്കാൻ തീരുമാനിച്ചത്.
Read Also : പ്രാധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത
നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ട് സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കാണ് എസ്പിജി സുരക്ഷയുള്ളത്. മുൻപ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കൊലപാതകങ്ങൾക്ക് ശേഷം അവരുടെ കുടുംബാംഗങ്ങൾക്കും ജീവന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിൻമേൽ ഇവർക്ക് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരുൾപ്പടെയുള്ളവർക്ക് ലഭിക്കുന്ന സിആർപിഎഫ് സുരക്ഷയാണ് ഇനി മുതൽ മൻമോഹൻ സിംഗിന് ലഭിക്കുക. മുൻ പ്രധാനമന്ത്രിമാരായ എച്ച്ഡി ദേവഗൗഡ, വിപി സിംഗ് തുടങ്ങിയവരുടെ എസ്പിജി സുരക്ഷ വർഷങ്ങൾക്ക് മുമ്പേ എടുത്ത് കളഞ്ഞിരുന്നെങ്കിലും എബി വാജ്‌പേയ്ക്ക് മരിക്കുന്നത് വരെ എസ്പിജി സുരക്ഷ ലഭിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here