കശ്മീർ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥ ചർച്ച വേണ്ടെന്ന് പ്രധാനമന്ത്രി; നിലപാട് മാറ്റി ട്രംപ്

കശ്മീർ പ്രശ്‌ന പരിഹാരത്തിന് ഒരു രാജ്യത്തിന്റേയും മധ്യസ്ഥത ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കും പാക്കിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്‌നം മാത്രമാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി നിലപാട് വ്യക്തമാക്കിയത്. കശ്മീർ പ്രശ്‌നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന നിലപാട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരുത്തി. വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് ചർച്ച ചെയ്യേണ്ടതെന്ന് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് വ്യക്തമാക്കി. ഫ്രാൻസിലെ ബിയാറിറ്റ്‌സിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്ലാ വിഷയങ്ങളും ഉഭയകക്ഷി സ്വഭാവമുള്ളവയാണെന്ന് കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. അക്കാരണത്താലാണ് അതുമായി ബന്ധപ്പെട്ട് മറ്റൊരു രാജ്യത്തെയും ബുദ്ധിമുട്ടിക്കാത്തത്. 1947നു മുമ്പ് ഇന്ത്യയും പാകിസ്താനും ഒന്നായിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും ഒരുമിച്ച് പരിഹരിക്കാനും സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു. പാകിസ്താനിൽ തെരഞ്ഞെടുപ്പിന് ശേഷം ഇമ്രാൻ ഖാനെ വിളിച്ചിരുന്നു. ദാരിദ്ര്യം, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ എന്നിവയ്ക്കെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ച് പോരാടേണ്ടതുണ്ടെന്ന് പറഞ്ഞിരുന്നെന്നും മോദി പറഞ്ഞു.

ജമ്മുകശ്മീരിന്റെ പ്രത്യേകഭരണഘടനാപദവി റദ്ദാക്കിയ ശേഷമുള്ള ആദ്യത്തെ മോദി ട്രംപ് കൂടിക്കാഴ്ച്ചയായിരുന്നു ഇത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോവിന്റെ പ്രത്യേക ക്ഷണിതാവായാണ് മോദി ഉച്ചകോടിക്കെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായും യുൻ സെക്രട്ടറി ജനറൽ ആൻറോണിയോ ഗുട്ടറസുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top