‘ഒരു പാർട്ടിയുടേയും ഭാഗമാകാനില്ല’; ആർഎസ്പിയിൽ ചേരുന്നുവെന്ന വാർത്ത നിഷേധിച്ച് സഞ്ജയ് ദത്ത്
മഹാരാഷ്ട്രയിൽ ബിജെപിയുടെ സഖ്യ കക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ്(ആർഎസ്പി) എന്ന പാർട്ടിയിൽ ചേരുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. താൻ ഒരു പാർട്ടിയിലും ചേരുന്നില്ലെന്നു പറഞ്ഞ സഞ്ജയ് ദത്ത് മഹാദേവ് ജാങ്കർ തന്റെ പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമാണെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ ഭാവി ഉദ്യമങ്ങൾക്കും താൻ എല്ലാ വിധ ആശംസകളും നേരുന്നുവെന്നും സഞ്ജയ് ദത്ത് പറഞ്ഞു.
ആർഎസ്പി സ്ഥാപക നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ മഹാദേവ് ജാങ്കറാണ് സഞ്ജയ് ദത്ത് തന്റെ പാർട്ടിയിൽ ചേരുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നത്. 2009ൽ സമാജ്വാദി പാർട്ടിയുടെ ലഖ്നൗ ലോക്സഭ മണ്ഡലം സ്ഥാനാർത്ഥിയാവാൻ സഞ്ജയ് ദത്ത് തീരുമാനിച്ചിരുന്നു. ഇതിന്റെ തയ്യാറെടുപ്പിനിടെയാണ് അനധികൃതമായി ആയുധം കൈവശംവച്ചെന്ന കേസിൽ കുടുങ്ങുന്നത്. കോടതി നടപടികളെ തുടർന്ന് നാമനിർദേശ പത്രിക പിൻവലിക്കുകയായിരുന്നു.
കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സഞ്ജയ് ദത്ത് വരുന്നത്. സഞ്ജയ് ദത്തിന്റെ പിതാവ് സുനിൽ ദത്ത് മുംബൈ നോർത്ത് വെസ്റ്റ് ലോക്സഭ സീറ്റിൽ നിന്ന് അഞ്ച് തവണ എം.പിയായിട്ടുണ്ട്. സഞ്ജയ് ദത്തിന്റെ സഹോദരിയും മുംബൈയിൽ നിന്നുള്ള എംപിയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here