നാലാം ഓണത്തിന് ഇത്തവണ തൃശൂരിൽ പുലികളിറങ്ങും

നാലാം ഓണത്തിന് തൃശൂർ നഗരത്തിൽ ഇത്തവണ പുലികളിറങ്ങും. ഓണാഘോഷത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചതോടെ തൃശൂർ നഗരത്തിൽ പുലിക്കളി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്ന് പുലിക്കളി നടത്തിയിരുന്നില്ല. ഇത്തവണ പുലിക്കളിയിൽ ഇതുവരെ ഏഴ് സംഘങ്ങളാണ് കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻ വർഷങ്ങളിൽ പതിനഞ്ചും ഇരുപതും പുലിക്കളി സംഘങ്ങളാണ് ഉണ്ടായിരുന്നത്.
എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഇത്തവണ പല സംഘങ്ങളും പിൻമാറിയിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിൽ പുലിക്കളിക്കുള്ള ധനസഹായ തുക വർധിപ്പിക്കുന്നതിന് അനുമതി ലഭിച്ചേക്കില്ലെന്നാണ് അധികൃതർ പറയുന്നത്. വൻ തുക മുടക്കിയാണ് ഓരോ പുലിക്കളി സംഘങ്ങളും നാലാം ഓണത്തിന് നഗരത്തിൽ ഇറങ്ങുന്നത്. ഇത്തവണത്തെ പുലിക്കളി മത്സരത്തിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ഇന്ന് അവസാനിക്കും.
Read Also; പ്രളയത്തിൽ മുങ്ങിപ്പോയ വണ്ടികൾക്ക് സൗജന്യ സർവീസുമായി ടിവിഎസ്; ക്യാമ്പ് സെപ്തംബർ 15 വരെ
ഓണം വാരാഘോഷത്തിന് സമാപനമായിട്ടാണ് തൃശൂർ നഗരത്തിൽ നാലാം ഓണ നാളിൽ പുലിക്കളി നടക്കാറുള്ളത്. ഒരു ടീമിന് ഒന്നര ലക്ഷം രൂപയാണ് കോർപ്പറേഷൻ ധനസഹായം അനുവദിക്കുന്നത്. മുൻ വർഷങ്ങളിൽ പുലിക്കളി ഏകോപനസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്ന മത്സരം മൂന്ന് വർഷം മുമ്പ് കോർപ്പറേഷൻ ഏറ്റെടുക്കുകയായിരുന്നു. ആർഭാടങ്ങളൊഴിവാക്കിയുള്ള ഓണാഘോഷവും തനിമ ചോരാതെയുള്ള പുലിക്കളിയും ഇത്തവണ ഒരുക്കുമെന്ന് മേയർ അജിത വിജയൻ പറഞ്ഞു. കഴിഞ്ഞ വർഷം നൽകിയ ഒന്നര ലക്ഷം രൂപയുടെ ധനസഹായം ഇത്തവണയും നൽകുമെന്നും മേയർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here