ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലി; പെറുവിൽ 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി

ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ ബലി നൽകപ്പെട്ട 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പെറുവിന്റെ വടക്കൻ തീരത്ത് നിന്ന് പുരാവസ്തു ഗവേഷകരാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പന്ത്രണ്ട് മുതൽ പതിനഞ്ച് നൂറ്റാണ്ടുവരെ പെറുവിന്റെ വടക്കൻ തീരത്തുണ്ടായിരുന്ന ചിമു നാഗരിക കാലത്ത് ബലി അർപ്പിക്കപ്പെട്ട കുട്ടികളുടെ ശരീരാവശിഷ്ടങ്ങളാകാം ഇതെന്ന് ഗവേഷകർ പറയുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയാണ് ഇവിടെ നടന്നതെന്നാണ് ഗവേഷകർ പറയുന്നത്.
വിനോദസഞ്ചാര നഗരമായ ഹുവാൻചാകോയിൽ നടത്തിയ ഖനനത്തിലാണ് കുട്ടികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 4 മുതൽ 14 വയസുവരെയുള്ള കുട്ടികളാണ് ബലി നൽകപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ നിന്ന് ഇനിയും കുട്ടികളുടെ അവശിഷ്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. കടലിനെ അഭിമുഖീകരിച്ച് കിടക്കുന്ന രീതിയിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ വർഷം മുതലാണ് ഹുവാൻചാകോ മേഖലയിൽ പുരാവസ്തു ഗവേഷകർ ഖനനം നടത്തിതുടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here