പാലായിലെ സ്ഥാനാർത്ഥി; ഏതെങ്കിലും ഒരു പേരിലേക്ക് ചർച്ചകൾ എത്തിയിട്ടില്ലെന്ന് ജോസ് കെ മാണി

പാലാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി. ഏതെങ്കിലും ഒരു പേരിലേക്ക് ചർച്ചകൾ എത്തിയിട്ടില്ലെന്നും വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെയാണ് പ്രഖ്യാപിക്കുകയെന്നും ജോസ് കെ മാണി വ്യക്തമാക്കി. യുഡിഎഫ് നിർദ്ദേശമനുസരിച്ചാണ് തങ്ങൾ മുന്നോട്ടു പോകുന്നത്. സ്ഥാനാർത്ഥിയെ കുറിച്ച് വിവിധ തലത്തിൽ ചർച്ചകൾ നടന്നുവരുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. അതേ സമയം കേരള കോൺഗ്രസിലെ അധികാര തർക്കത്തിൽ കോടതി ഉത്തരവ് വൈകുമെന്ന് ഉറപ്പായതോടെ പി.ജെ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചിട്ടുണ്ട്.
യുഡിഎഫ് വിലക്ക് ലംഘിച്ച് കോട്ടയത്ത് ജോസഫ് വിഭാഗം രഹസ്യ യോഗം ചേർന്നിരുന്നു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് സ്ഥാപിക്കാൻ മുന്നണി യോഗത്തിൽ പയറ്റേണ്ട തന്ത്രങ്ങളാണ് കോട്ടയത്ത് ചേർന്ന യോഗത്തിൽ ചർച്ചയായത്. തങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ഉപാധികൾ ജോസ് കെ മാണി വിഭാഗം അംഗീകരിക്കാതെ പാലായിൽ നിഷ ജോസിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് പി.ജെ ജോസഫ്. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനത്തിന് തൊടുപുഴ മുൻസിഫ് കോടതി ഏർപ്പെടുത്തിയ വിലക്കിൽ മാറ്റമുണ്ടാകാത്ത സാഹചര്യത്തിൽ പാർട്ടിയിൽ പിടിമുറുക്കാനാണ് പിജെ ജോസഫിന്റെ നീക്കം.
Read Also; മാണി സാറില്ലാതെ പാലായിൽ ഇതാദ്യത്തെ തെരഞ്ഞെടുപ്പ്
ജോസ് കെ മാണി വിഭാഗത്തെ കൊണ്ട് പിജെ ജോസഫിനെ നേതാവായി അംഗീകരിപ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. യുഡിഎഫ് വിലക്ക് ലംഘിച്ച് ചേർന്ന യോഗത്തിന് പിജെ ജോസഫ് തന്നെയാണ് നേതൃത്വം വഹിച്ചത്. മോൻസ് ജോസഫ്, ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടൻ ,ടി.യു കുരുവിള തുടങ്ങിയവർ ചർച്ചയ്‌ക്കെത്തിയിരുന്നു. അതേ സമയം വിലക്ക് ലംഘിച്ച് ജോസഫ് വിഭാഗം നടത്തിയ യോഗം യുഡിഎഫിനോടുള്ള വിശ്വാസ വഞ്ചനയാണെന്ന് ജോസ് കെ മാണി വിഭാഗം ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here