മാണി സാറില്ലാതെ പാലായിൽ ഇതാദ്യത്തെ തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പെന്നാൽ പാലാക്കാർക്ക് കെ.എം മാണി മാത്രമായിരുന്നു . 1965 ൽ പാലാ നിയോജകമണ്ഡലം രൂപീകരിച്ചതു മുതൽ ഇക്കാലമത്രയും മണ്ഡലത്തെ പ്രതിനിധാനം ചെയ്തത് കെ.എം മാണി എന്ന ഒരേ ഒരാൾ മാത്രമാണ്. എന്നാൽ മാണി സാറില്ലാതെ ഇത്തവണ ആദ്യമായി പാലാ ഒരു ഉപതെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്.
പാലാ മണ്ഡലം രൂപീകരണത്തിനു ശേഷം 1965 ലാണ് പാലായിൽ ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് ആരെ സ്ഥാനാർത്ഥിയാക്കണമെന്ന കാര്യത്തിൽ കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം ജോർജിന് ഒന്ന് സംശയിക്കേണ്ട ആവശ്യം പോലുമില്ലായിരുന്നു. കരിങ്ങോഴയ്ക്കൽ മാണി മാണിയെന്ന കെ.എം മാണി പാലായിൽ കന്നിയങ്കത്തിനിറങ്ങി. ഇടതു,വലതു സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി 9885 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാണി ആദ്യ തെരഞ്ഞെടുപ്പിൽ പാലായിൽ വിജയിച്ചത്. പിന്നീടങ്ങോട്ട് പാലാക്കാർക്ക് മാണിയും മാണിക്ക് പാലായും തന്നെയായിരുന്നു എല്ലാം.
Read Also; പാലാ ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്നും ഭൂരിപക്ഷം കൂടുമെന്നും കുഞ്ഞാലിക്കുട്ടി
മലയോര റബർ കർഷകരുടെ ശബ്ദമായി കേരള രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന കെ.എം മാണി തുടർച്ചയായ 13 തെരഞ്ഞെടുപ്പുകളിലാണ് പാലായിൽ വിജയിച്ചത്. 54 വർഷം പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കാലം ഒരേ നിയോജകമണ്ഡലത്തിൽ നിന്നും എംഎൽഎ ആയെന്ന റെക്കോർഡും ഇതോടെ പാലാക്കാരുടെ മാണിസാറിന്റെ പേരിലായി. 67 ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വി.ടി തോമസും കോൺഗ്രസിലെ എം.എം ജേക്കബ്ബു മായിരുന്നു മാണിയുടെ എതിരാളികൾ.
അന്ന് ഭൂരിപക്ഷം 2711 ലേക്ക് താഴ്ന്നു. 1970 ൽ എം.എം ജേക്കബും ഇടതുമുന്നണി സ്ഥാനാർത്ഥി സി.പി ഉലഹന്നാനും എതിരാളികളായെത്തിയപ്പോൾ ഭൂരിപക്ഷം 364 ആയി ചുരുങ്ങി. എന്നാൽ 1977 ൽ ഭൂരിപക്ഷം 14859 വോട്ടാക്കി ഉയർത്തിയ മാണി കരുത്ത് കാട്ടി. 1982 ൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴും മാണിയുടെ ഭൂരിപക്ഷം 10,000 കടന്നു.
Read Also; പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളാകുക ഇവർ
അഞ്ച് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ഏറ്റവും വെല്ലുവിളി നേരിട്ട കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും പാലായിൽ കെ.എം മാണിക്ക് കാലിടറിയില്ല. കോഴ വിവാദങ്ങളും മുന്നണിയിലെ പ്രശ്‌നങ്ങളുമെല്ലാം തളർത്തിയ മാണിയെ പാലാ മണ്ഡലം മാത്രം കൈവിടാതിരുന്നപ്പോൾ 4703 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
കുട്ടിയമ്മ തന്റെ ആദ്യ ഭാര്യയും പാലാ നിയോജക മണ്ഡലം തന്റെ രണ്ടാം ഭാര്യയാണെന്നുമാണ് കെ.എം മാണി പലപ്പോഴും പറയാറുള്ളത്. അതുകൊണ്ടു തന്നെ കെ.എം മാണിയില്ലാത്ത ഒരു തെരഞ്ഞെടുപ്പിനെപ്പറ്റി പാലാ ആലോചിച്ചിട്ടു പോലുമില്ല. എന്നാൽ ഇത്തവണ ആദ്യമായി കെ.എം മാണിയുടെ അസാന്നിദ്ധ്യത്തിൽ പാലാ മണ്ഡലം ഒരു തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here