ഹജ്ജ് നിര്‍വഹിച്ച് തീര്‍ത്ഥാടകര്‍; മടക്കയാത്ര സെപ്തംബര്‍ പതിനഞ്ച് വരെ തുടരും

പത്ത് ലക്ഷത്തിലേറെ വിദേശ ഹജ്ജ് തീര്‍ഥാടകര്‍ ഇതുവരെ നാട്ടിലേക്കു മടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള മുപ്പത്തി എണ്ണായിരത്തിലേറെ തീര്‍ഥാടകര്‍ മടങ്ങി. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ മടക്കയാത്ര സെപ്തംബര്‍ പതിനഞ്ച് വരെ തുടരും.
ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി 10,80,036 തീര്‍ഥാടകര്‍ സ്വദേശത്തേക്ക് മടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 16,008 തീര്‍ഥാടകര്‍ കപ്പല്‍ മാര്‍ഗവും ബാക്കിയുള്ളവര്‍ വിമാന മാര്‍ഗവും, റോഡ് മാര്‍ഗവുമാണ് നാട്ടിലേക്കു മടങ്ങിയത്. നിലവില്‍ 5,57,000 വിദേശ തീര്‍ഥാടകര്‍ മക്കയിലും 2,19,000 തീര്‍ഥാടകര്‍ മദീനയിലുമാണുള്ളത്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര തുടരുകയാണ്. ഹജ്ജ് കമ്മിറ്റി വഴിയുള്ള 38,607 തീര്‍ഥാടകര്‍ ഇതുവരെ നാട്ടിലേക്കു മടങ്ങി. മക്കയില്‍ 79,643-ഉം മദീനയില്‍ 21,621-ഉം ഇന്ത്യന്‍ തീര്‍ഥാടകര്‍ ആണുള്ളത്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സര്‍ക്കാര്‍ സ്വകാര്യ ഗ്രൂപ്പുകളില്‍ എത്തിയ 101,264 ഇന്ത്യന്‍ ഹാജിമാര്‍ ഇപ്പോള്‍ സൗദിയില്‍ ഉണ്ട്.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി എത്തിയ 6889 മലയാളി തീര്‍ഥാടകര്‍ ഇന്നലെ വരെ നാട്ടിലേക്കു മടങ്ങി. ജിദ്ദയില്‍ നിന്നുള്ള ഇന്ത്യന്‍ തീര്‍ഥാടകരുടെ മടക്കയാത്ര സെപ്തംബര്‍ മൂന്നിന് അവസാനിക്കും. മദീനയില്‍ നിന്നുള്ള ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര ഇന്ന് ആരംഭിക്കും. സെപ്തംബര്‍ പതിനഞ്ചു ആകുമ്പോഴേക്കും എല്ലാ ഇന്ത്യന്‍ ഹാജിമാരും നാട്ടിലേക്കു മടങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here