പ്രതിരോധ രംഗത്തും സാങ്കേതിക രംഗത്തും റഷ്യയുമായി സഹകരണം ശക്തമാക്കാനൊരുങ്ങി തുര്‍ക്കി

പ്രതിരോധ രംഗത്തും സാങ്കേതിക രംഗത്തും റഷ്യയുമായി സഹകരണം ശക്തമാക്കാനൊരുങ്ങി തുര്‍ക്കി. സാങ്കേതിക മേഖലയില്‍ തുര്‍ക്കിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. റഷ്യയുമായുള്ള തുര്‍ക്കിയുടെ ബന്ധം എന്നും നിലനില്‍ക്കുമെന്നായിരുന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പ്രതികരണം.

റഷ്യയില്‍ നടക്കുന്ന വ്യോമയാന പ്രദര്‍ശനമായ മാക് 2019 ല്‍ പങ്കെടുത്ത ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് ഇരു നേതാക്കളും പറഞ്ഞത്. പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കച്ചവട സാധ്യതകളെക്കുറിച്ചും സംയുക്ത ഉത്പാദനത്തെ കുറിച്ചും ചര്‍ച്ചകള്‍ നടന്നതായി പുടിന്‍ വ്യക്തമാക്കി. പ്രദര്‍ശനത്തില്‍ പങ്കെടുത്തത് കൊണ്ട് വ്യോമയാന മേഖലയില്‍ റഷ്യയുടെ കരുത്ത് കാണാന്‍ സാധിച്ചതായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു.

പ്രദര്‍ശനത്തിനിടെ റഷ്യയുടെ ഏറ്റവും പുതിയ പോര്‍ വിമാനമായ സുഖോയ് സു-57 പുടിന്‍, ഉര്‍ദുഗാന് പരിചയപ്പെടുത്തി കൊടുത്തു. സുഖോയ് സു 57 വിമാനങ്ങളെക്കുറിച്ച് ഉര്‍ദുഗാനുമായി ചര്‍ച്ച ചെയ്‌തെന്നും അതിന്റെ പുതിയ പതിപ്പിന്റ് നിര്‍മ്മാണ സാധ്യതകളെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പുടിന്‍ പുറഞ്ഞു. വ്യോമയാന ബഹിരാകാശ മേഖലയില്‍ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകള്‍ തേടുകയാണ് ഈ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പുടിന്‍ കൂട്ടിച്ചേര്‍ത്തു. ചൈനയുമായി ചേര്‍ന്നാണ് റഷ്യ വ്യേമയാന പ്രദര്‍ശനം നടത്തുന്നത്. എംസി- 21 യാത്ര വിമാനം, മി-38 ഹെലികോപ്റ്റര്‍, ബി-200 കടല്‍ വിമാനം തുടങ്ങിയവ പ്രദര്‍ശനത്തിനുണ്ടായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 800-ലധികം വ്യവസായികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top