പോത്തിനെ മോഷ്ടിച്ചുവെന്ന് പരാതി; അസംഖാനെതിരെ കേസ്

പോത്തിനെ മോഷ്ടിച്ചുവെന്ന പരാതിയിൽ സമാജ്വാദി പാർട്ടി നേതാവ് അസംഖാനെതിരെ കേസ്. അസംഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അസംഖാൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുൻ സർക്കിൾ ഓഫീസർ അലേ ഹസനും മറ്റ് നാല് പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആസിഫ്, സക്കീർ അലി എന്നിവർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2016 ഒക്ടോബർ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഘോസിയാൻ യത്തീംഖാനയ്ക്ക് സമീപം ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും പോത്തിനെ കടത്തിക്കൊണ്ടു പോയെന്നുമാണ് പരാതി. 25,000 രൂപ മോഷ്ടിച്ചതായും പരാതിയുണ്ട്.
ഭൂമി തട്ടിപ്പിനും അനധികൃതമായി വഖഫ് ബോർഡിന്റെ സ്വത്ത് കൈവശപ്പെടുത്തിയതിനും അസംഖാനെതിരെ കേസുകളുണ്ട്. സാമൂഹികസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗങ്ങൾ നടത്തിയതിനും അസംഖാനെതിരെ അൻപതോളം കേസുകൾ നിലവിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here