ക്ലബിൽ നടന്ന നിക്ഷേപത്തിൽ സംശയം; ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ അന്വേഷണം

ഐപിഎല്ലിലെ ഗ്ലാമര്‍ ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പുതിയ കുരുക്ക്. അടുത്തിടെ ക്ലബിൽ നടന്ന വന്‍ നിക്ഷേപത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഫൈനാന്‍ഷ്യല്‍ കമ്പനിയായ ഐഫിന്‍ 300 കോടി രൂപ നിക്ഷേപിച്ചതാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. ബിസിനസ് സ്റ്റാൻഡേർഡ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
നിക്ഷേപത്തെപ്പറ്റി ആദായനികുതി വകുപ്പ് സമഗ്ര പഠനം നടത്തുകയാണെന്നും ടീം അധികൃതരോട് വിശദീകരണം ചോദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിക്ഷേപം നടത്തിയിരിക്കുന്ന കമ്പനി നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ നിരീക്ഷണത്തിലാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടന്നിരിക്കുന്ന നിക്ഷേപത്തിന്റെ നിയമസാധുതയെപ്പറ്റി ആദായനികുതി വകുപ്പിനു സംശയങ്ങളുണ്ട്.
നേരത്തെ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് ഐപിഎല്ലില്‍ നിന്ന് വിലക്കു ലഭിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിനും ചെന്നൈയ്ക്കും രണ്ടുവര്‍ഷം ലീഗില്‍ നിന്ന് മാറിനില്‍ക്കേണ്ടതായും വന്നിരുന്നു. പുതിയ സംഭവവികാസങ്ങള്‍ ടീമിന്റെ നിലനില്പിന് തന്നെ ഭീഷണിയായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here