നിലവിലെ അവസ്ഥ നിരാശാജനകം; പിഎസ്‌സി ക്രമക്കേട് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ഹൈക്കോടതി

പിഎസ്‌സി സമീപകാലത്ത് നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസിൽ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണം. പിഎസ്‌സിയുടെ നിലവിലെ അവസ്ഥ തീർത്തും നിരാശാജനകമാണെന്നും കോടതി നിരീക്ഷിച്ചു.

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ നാലാം പ്രതി സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം. സമീപകാലത്തുണ്ടായ സംഭവങ്ങൾ പിഎസ്‌സി എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണ്. കേസിൽ നിഷ്പക്ഷവും ഫലപ്രദവുമായ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണം. ഇങ്ങനെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകൂ എന്നും ഹൈക്കോടതി പറഞ്ഞു.

പിഎസ്‌സിയിൽ നിലവിലെ അവസ്ഥ തീർത്തും നിരാശാജനകമാണെന്ന് കോടതി നിരീക്ഷിച്ചു. തട്ടിപ്പ് നടത്തി അനർഹർ പട്ടികയിൽ നുഴഞ്ഞു കയറുന്നത് തടയണം. കേസിൽ നാലാം പ്രതി സഫീറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി സഫീറടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കി.

അതേസമയം കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യത്തെ സർക്കാരും കോടതിയിൽ ശക്തമായി എതിർത്തു. 96 മെസേജുകളാണ് പരീക്ഷാ ദിവസം കൈമാറപ്പെട്ടതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. രഹസ്യമായാണ് മെസേജുകൾ കൈമാറാനുള്ള മൊബൈലും സ്മാർട്ട് വാച്ചുകളും പരീക്ഷാ ഹാളിൽ കടത്തിയത്. പ്രതികൾക്ക് എങ്ങനെ ചോദ്യപേപ്പർ ചോർന്നുകിട്ടി എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ വാദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top