അർബുദം: മുൻ ബാഴ്സലോണ പരിശീലകന്റെ ഒൻപത് വയസ്സുകാരിയായ മകൾ മരണപ്പെട്ടു; ആദരാഞ്ജലി അര്‍പ്പിച്ച് ഫുട്‌ബോള്‍ ലോകം

മുന്‍ ബാഴ്‌സലോണ കോച്ചും സ്‌പെയിന്‍ ദേശീയ ടീം പരിശീലകനുമായിരുന്ന ലൂയിസ് എൻറിക്വസിന്റെ മകള്‍ സന മരിച്ചു. ബോണ്‍ കാന്‍സറിനെത്തുടര്‍ന്നായിരുന്നു ഒൻപത് വയസ്സുകാരിയായിരുന്ന സനയുടെ മരണം. ഏറെ നാളായി അര്‍ബുദത്തിന്റെ ചികിത്സയിലായിരുന്ന സനയുടെ വിയോഗത്തില്‍ ഫുട്‌ബോള്‍ ലോകം ഒന്നാകെ അനുശോചനം അര്‍പ്പിച്ചു. മകളുടെ നിര്യാണത്തില്‍ വികാര നിര്‍ഭരമായ കുറിപ്പും എൻറിക്വസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: നെയ്മർ ലോൺ അടിസ്ഥാനത്തിൽ ബാഴ്സയിലേക്ക്; നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

‘ഞങ്ങളുടെ മകള്‍ സന മരണപ്പെട്ടു. അര്‍ബുദത്തോടുള്ള അഞ്ച് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് അവളുടെ വിയോഗം. ഈ പ്രതിസന്ധി ഘട്ടത്തില്‍ ധൈര്യം തന്ന് താങ്ങായി നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. സനയുടെ അവസാന നാളുകളില്‍ അവളെ സന്തോഷവതിയായി നോക്കിയ ആശുപത്രി ജീവനക്കാരോടുള്ള കടപ്പാട് വാക്കുകളില്‍ തീരില്ല. നിന്റെ നഷ്ടബോധം ഞങ്ങളെ എന്നും പിന്തുടരും. ഞങ്ങള്‍ ജീവിക്കുന്ന ഓരോ നിമിഷത്തിലും നിന്റെ ഓര്‍മകളുണ്ടാവും. ഭാവിയില്‍ ഒരിക്കല്‍ക്കൂടി നമുക്ക് കണ്ടുമുട്ടാം. നമ്മുടെ കുടുംബത്തെ നയിക്കുന്ന നക്ഷത്രമാണ് നീ. സമാധാനത്തോടെ വിശ്രമിക്കൂ’- ട്വിറ്ററിൽ എൻറിക്വസ് കുറിച്ചു.

ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് താരങ്ങൾ എൻറിക്വസിന്റെ മകളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പരിശീലനത്തിനിടയിൽ സനയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് റയല്‍ മാഡ്രിഡ് താരങ്ങൾ മൗന പ്രാര്‍ത്ഥന നടത്തി.

2014 മുതല്‍ 2017വരെ ബാഴ്‌സലോണയെ പരിശീലിപ്പിച്ച എൻറിക്വസ് 2018ല്‍ സ്‌പെയിനിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തെങ്കിലും മകളുടെ ചികിത്സയ്ക്കുവേണ്ടി ഫുട്‌ബോളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top