‘ലോക്‌നാഥ് ബെഹ്‌റ സിപിഐഎമ്മിന്റെ ചട്ടുകം’; മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് അനുമതി നൽകിയതിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ. ബെഹ്‌റ സിപിഐഎമ്മിന്റെ ചട്ടുകമെന്ന് കെ മുരളീധരൻ ആരോപിച്ചു. മോദി സ്‌റ്റൈലിന്റെ ലേറ്റസ്റ്റ് എഡിഷനാണ് സംസ്ഥാന സർക്കാരിന്റെ നടപടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ലോക്‌നാഥ് ബെഹ്‌റയുടെ സർക്കുലറാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് വഴിയൊരുക്കിയത്. ഡിജിപി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നുവെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തിനെതിരെയാണ് നിയമനടപടിക്ക് സർക്കാർ അനുമതി നൽകിയത്. മുല്ലപ്പള്ളിയെ പിന്തുണച്ചും സർക്കാർ നടപടിയെ എതിർത്തും കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
ഏറ്റവും വലിയ തമാശയാണ് സർക്കാർ നടപടിയെന്ന് പരിഹസിച്ച കെ സി വേണുഗോപാൽ മോദിയുടെ ലേറ്റസ്റ്റ് എഡിഷനാണ് കേരളത്തിൽ അധികാരത്തിലുള്ളതെന്നും പറഞ്ഞു. നടപടിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നായിരുന്നു മന്ത്രി ഇ പി ജയരാജന്റെ പ്രതികരണം
ഏപ്രിൽ 14 നായിരുന്നു ലോക്‌നാഥ് ബെഹ്‌റക്കെതിരായ മുല്ലപ്പള്ളിയുടെ പരാമർശം. മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് ബെഹ്‌റക്ക് സർക്കാർ അനുമതി നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here