Advertisement

നോട്ടു നിരോധനത്തിലും കള്ളനോട്ടുകൾക്കു കുറവില്ല; 500 രൂപയുടെ വ്യാജന്‍ വര്‍ധിച്ചത് 121 ശതമാനം

August 31, 2019
Google News 1 minute Read

നോട്ട് അസാധുവാക്കലിന് ശേഷവും കള്ള നോട്ടുകളുടെ പ്രചാരത്തില്‍ കുറവില്ലെന്ന് റിസര്‍വ് ബാങ്ക്. വ്യാഴാഴ്ച ആര്‍ബിഐ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016ലെ നോട്ട് അസാധുവാക്കലിന് ശേഷം പുറത്തിറക്കിയ 200, 500, 2000 രൂപ നോട്ടുകളുടെ വ്യാജന്‍മാര്‍ വ്യാപകമായി പ്രചാരത്തിലുണ്ടെന്ന സൂചനയാണ് ആര്‍ബിഐയുടെ കണക്കുകളിലുള്ളത്. സുരക്ഷ കൂടുതലായുണ്ടെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയവയാണ് ഈ നോട്ടുകള്‍.

500 രൂപയുടെ കള്ള നോട്ടുകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 121 ശതമാനമാണ് വര്‍ധന. 2000 രൂപയുടെ നോട്ടുകളില്‍ ഇത് 21.9 ശതമാനമാണ്. 2017 ആഗസ്റ്റില്‍ പുറത്തിറക്കിയ 200 രൂപ നോട്ടിന്റെ 12,728 വ്യാജന്‍മാരെ ഈ സാമ്പത്തിക വര്‍ഷം കണ്ടെത്തിയിട്ടുണ്ട്. മുന്‍ വര്‍ഷമിത് 79 എണ്ണം മാത്രമായിരുന്നു. 500 രൂപയുടെ മഹാത്മാ ഗാന്ധി പരമ്പരയില്‍പ്പെട്ട പഴയ 971 കള്ള നോട്ടുകളും പുതിയ ഡിസൈനിലുള്ള 21,865 കള്ള നോട്ടുകളാണ് ഇത്തവണ പിടിച്ചെടുത്തത്. 2000 രൂപയുടെ 21,847 കള്ള നോട്ടുകളും കണ്ടെത്തി. മുന്‍ വര്‍ഷമിത് 17,929 എണ്ണമായിരുന്നു.

2016-17ല്‍ ഗാന്ധി പരമ്പരയിലുള്ള 500 രൂപയുടെ 3,17,567 കള്ള നോട്ടുകള്‍ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത വര്‍ഷമിത് 1,27,918ആയി കുറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. തുടര്‍ന്ന് പുതിയ നോട്ടുകള്‍ കൊണ്ടു വന്നു.

പത്ത് രൂപയുടെ കള്ള നോട്ടുകളില്‍ 20.2 ശതമാനവും 20 രൂപയുടേതില്‍ 87.2 ശതമാനവും 50 രൂപയുടേതില്‍ 57.3 ശതമാനവും വര്‍ധനയുണ്ടായി. അതേസമയം 100 രൂപയുടെ കള്ള നോട്ടുകളുടെ എണ്ണത്തില്‍ 7.5 ശതമാനം കുറവുണ്ടായി. പഴയ ഡിസൈനിലുള്ള നോട്ടുകളുടെ വ്യാജനാണ് കൂടുതലും കണ്ടെത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here