അഗർവാളിനും കോലിക്കും അർദ്ധസെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട നിലയിൽ

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തിട്ടുണ്ട്. അർദ്ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണർ മായങ്ക് അഗർവാളിൻ്റെയും നായകൻ വിരാട് കോലിയുടെയും ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് ഊർജ്ജമായത്.
Read Also: ഏഴ് റൺസ് വഴങ്ങി ബുംറ വീഴ്ത്തിയത് അഞ്ചു വിക്കറ്റ്; ഒരു ദിവസം ബാക്കി നിൽക്കെ ഇന്ത്യക്ക് കൂറ്റൻ ജയം
ലോകേഷ് രാഹുൽ (13), ചേതേശ്വർ പൂജാര (6) എന്നിവർ വേഗം പുറത്തായതിനു ശേഷം മൂന്നാം വിക്കറ്റിൽ ക്രീസിലൊത്തു ചേർന്ന കോലിയും അഗർവാളും 69 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിനിടയിൽ അഗർവാൾ തൻ്റെ മൂന്നാം ടെസ്റ്റ് ഫിഫ്റ്റി കുറിച്ചു. അർധസെഞ്ചുറി തികച്ചതിനു പിന്നാലെ 55 റൺസെടുത്ത് അഗർവാൾ പുറത്തായി. ശേഷം ക്രീസിലെത്തിയ രഹാനെയും നായകന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 49 റൺസ് കണ്ടെത്തി. കോലി 22ആം ടെസ്റ്റ് ഫിഫ്റ്റി കുറിച്ചതിനു പിന്നാലെ രഹാനെ (24) പുറത്തായി.
Read Also: ബസ് കണ്ടക്ടറായ അമ്മ വളർത്തിയ മകൻ; അഥർവ ഇന്ത്യൻ ജഴ്സി അണിയുമ്പോൾ വിജയിക്കുന്നത് വൈദേഹി
അഞ്ചാം വിക്കറ്റിലെ വിഹാരി-കോലി കൂട്ടുകെട്ടും ഇന്ത്യൻ ഇന്നിംഗ്സിൽ നിർണ്ണായകമായി. 38 റൺസ് നീണ്ട പാർട്‌ണർഷിപ്പിനു ശേഷം കോലി പുറത്തായി. 76 റൺസെടുത്താണ് കോലി മടങ്ങിയത്. തുടർന്ന് ആറാം വിക്കറ്റിൽ ഒത്തു ചേർന്ന വിഹാരിയും പന്തും ഇതുവരെ 62 റൺസ് കൂട്ടിച്ചേർത്തു. ഹനുമ വിഹാരി 42 റൺസെടുത്തും ഋഷഭ് പന്ത് 27 റൺസെടുത്തും പുറത്താവാതെ നിൽക്കുന്നു.
വിൻഡീസ് നിരയിൽ മൂന്നു വിക്കറ്റെടുത്ത ക്യാപ്റ്റൻ ജേസൻ ഹോൾഡറാണ് തിളങ്ങിയത്. കെമാർ റോച്ചും അരങ്ങേറ്റക്കാരനായ റഖീം കോൺവാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here